ഇടുക്കി: കട്ടപ്പനയിലെ ലഹരി കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയുടെ കൂട്ടാളിയായ മൂവാറ്റുപുഴ ഏണനെല്ലൂർ ആയവന തൃക്കപ്പടി കുന്നുംപുറത്ത് വീട്ടിൽ ജോണിയുടെ മകൻ ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം 39 ഗ്രാം എംഡിഎംഎയുമായി കട്ടപ്പന മുളകരമേട് എ.കെ.ജി. പടി കാഞ്ഞിരത്തുംമൂട്ടിൽ അശോകന്‍റെ മകൻ സുധീഷ് (28) അറസ്റ്റിലായിരുന്നു. ഇയാളുടെ കൂട്ടാളിയാണ് ശ്രീജിത്തെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്ത് മുളകരമേട് എ.കെ.ജി. പടി ടോപ്പിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.
സുധീഷിനെ ചോദ്യം ചെയ്‌തതോടെയാണ് ശ്രീജിത്തിനെ കുറിച്ചുള്ള വിവരം പുറത്തു വരുന്നത്. ഇരുവരും അന്തർസംസ്ഥാന മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ എംഡിഎംഎ വിൽപ്പന കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇടുക്കിയിലെ റിസോർട്ടുകളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ ഭാഗമാണ് ഇരുവരും എന്ന് പൊലീസ് പറയുന്നു. വമ്പൻ ഇടപാടുകളാണ് പ്രതികൾ നടത്തിയിരുന്നതെന്നാണ് വിവരം. ഇവരുടെ ഇടപാടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തി വരുന്നുണ്ട്.
ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്‍റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ, കട്ടപ്പന സിഐ ടി.സി. മുരുകൻ, എസ്ഐമാരായ ബേബി ബിജു, മഹേഷ്, എസ്.സി.പി.ഒമാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിപിഒമാരായ അൽബാഷ്, ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്ന് കട്ടപ്പന ടൗൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Join Our Whats App group
Post A Comment: