പൂച്ചാക്കൽ: ഓണം ബമ്പറിൽ ഒന്നാം സമ്മാനമായ 25 കോടി നേടിയ തൈക്കാട്ടുശേരി മണിയാതൃക്കൽ നെടുംചിറയിൽ ശരത് എസ്. നായരുടെ വിശേഷങ്ങളുടെ പിന്നാലെയാണ് ഇന്ന് കേരളം. സമ്മാനം ലഭിച്ചത് ശരത്തിനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ശരത്തിന്‍റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു മലയാളക്കര.
മണിയാതൃക്കൽകവലയ്ക്ക് പടിഞ്ഞാറാണ് ശരത്തിന്‍റെ വീട്. ഭാര്യ അപർണയും ആറ് മാസം പ്രായമുള്ള ആഗ്നേയ് കൃഷ്ണയും അടങ്ങുന്നതാണ് ശരത്തിന്‍റെ കുടുംബം. എട്ട് വർഷത്തെ കാത്തിരിപ്പിനു പിന്നാലെയാണ് ശരത്തിനും അപർണയ്ക്കും ആഗ്നേയിനെ ലഭിക്കുന്നത്.
ഇതിനു പിന്നാലെ മഹാഭാഗ്യവും തേടിയെത്തി. എല്ലാം ആഗ്നേയിന്‍റെ ഭാഗ്യമാണെന്ന് ശരത്തും അപർണയും പറയുന്നു. ചേർത്തല കളവംകോടം സ്വദേശിനിയായ അപർണ ഇൻഫോ പാർക്കിലെ ജോലിക്കാരിയായിരുന്നെങ്കിലും കുഞ്ഞ് പിറന്നതോടെ ജോലി ഉപേക്ഷിച്ചു.
ശരത്തിന്‍റെ അമ്മ രാധാമണിയും സഹോദരൻ രഞ്ജിത്തും ഇതേവീട്ടിലാണ് താമസിക്കുന്നത്. അച്ഛൻ ശശിധരൻ പക്ഷാഘാതം ബാധിച്ചിരിക്കുകയാണ്. മൂന്ന് വർഷം മുമ്പാണ് ഇവർ വീട് നിർമിക്കുന്നത്. വീട് നിർമിച്ചതുമായി ബന്ധപ്പെട്ട ബാധ്യതകൾ അടക്കം തീർക്കണമെന്നാണ് ശരത്തിന്‍റെ ആഗ്രഹം.
ആദ്യമായിട്ടാണ് ബമ്പർ ടിക്കറ്റ് എടുക്കുന്നതെന്ന് ശരത്ത് പറയുന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ സമ്മാനം തനിക്കാണെന്ന് മനസിലാക്കിയിരുന്നു. ജോലി സ്ഥലത്തു നിന്നും രഹസ്യമായി ഭാര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അപർണയാണ് ടിക്കറ്ര് സൂക്ഷിച്ചു വച്ചിരുന്നത്. ടിക്കറ്റ് നോക്കിയ അപർണയും സമ്മാനം അടിച്ചെന്ന് ഉറപ്പാക്കി. വീട്ടിൽ അമ്മയോടും അനുജനോടും വിവരം പറഞ്ഞു.
Join Our Whats App group
Post A Comment: