കണ്ണൂർ: തെരുവുനായ ശല്യത്തിനെതിരെ തെരുവുനാടകം കളിക്കുമ്പോൾ കലാകാരന് നായയുടെ കടിയേറ്റു. കണ്ണൂർ മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല സംഘടിപ്പിച്ച നാടകത്തിനിടെയാണ് സംഭവം നടന്നത്. ഓടിയെത്തിയ തെരുവുനായ കലാകാരനെ കടിച്ചപ്പോൾ അത് നാടകമാണെന്നാണ് കാണികൾ ധരിച്ചത്.
പേക്കോലം എന്ന ഏകാംഗനാടത്തിന്‍റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. കണ്ടക്കൈയിലെ പി. രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്. മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു.
പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാടകം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന്‍റെ കൈകള്‍ക്കും കാലിനുമാണ് കടിയേറ്റത്.
Join Our Whats App group

Post A Comment: