തെരഞ്ഞെടുപ്പ് ഏതുമാകട്ടെ... തോൽക്കാൻ ഞങ്ങൾ റെഡിയെന്ന മുദ്രാവാക്യമാണ് ഇന്ന് ഇടുക്കിയിൽ യുഡിഎഫിന്‍റേത്. സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ച്ചകൾ മാത്രമാണ് ബാക്കി.
തൊട്ടു പിന്നാലെ അടുത്ത വർഷം നടക്കാനിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പാണ്. രണ്ടു തെരഞ്ഞെടുപ്പിലും ഞങ്ങൾ തോറ്റുകൊടുത്തേക്കാമെന്ന മുൻ വിധിയാണ് ഇടുക്കിയിലെ കോൺഗ്രസിനും യുഡിഎഫിനുമുള്ളത്.
പാർട്ടിയുടെ തണുപ്പൻ നയത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ അമർഷം പുകയുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വൻ തിരിച്ചടിയാണ് കോൺഗ്രസിനും യുഡിഎഫിനും ഇടുക്കിയിൽ നേരിടേണ്ടി വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഇതിനു പിന്നാലെ വീണ്ടും മുന്നണി ജില്ലയിൽ നിർജീവമായി.
തദ്ദേശ തെരഞ്ഞെടുപ്പിനായി എൽഡിഎഫും ബിജെപിയും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വരെ ഏറെക്കുറെ നിശ്ചയിച്ചാണ് എൽഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിന് കളമൊരുക്കിയിട്ടുള്ളത്. ശക്തി കേന്ദ്രങ്ങളിൽ ബിജെപിയും സമാന നീക്കമാണ് നടത്തുന്നത്.
വാർഡിലെ സംവരണ നറുക്കെടുപ്പ് കഴിയുന്നതിനു പിന്നാലെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാനാണ് എൽഡിഎഫിലെ നീക്കം. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങില്ലെന്ന മട്ടിലാണ് ഇപ്പോൾ കോൺഗ്രസ് - യുഡിഎഫ് നേതൃത്വം.
ഈ നില തുടരുന്നത് വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടിയാകുമെന്ന് പാർട്ടിക്കുള്ളിലെ തന്നെ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജില്ല നേരിടുന്ന പ്രശ്നങ്ങളിൽ പാർട്ടിക്ക് ഇടപെടാൻ സാധിക്കാതെ വരുന്നതും തിരിച്ചടിയാകുന്നുണ്ട്.
Join Our Whats App group
Post A Comment: