ഇടുക്കി: അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കന്നുകാലികളെ വെടിവച്ചു കൊന്ന് പിടികൂടി ഇറച്ചി വിൽപ്പന നടത്തുന്ന സംഘം വ്യാപകം. ചീന്തലാർ സ്വദേശി ഡെന്നീസിന്‍റെ പശുവിനെ വെടിവച്ചു പിടികൂടിയതിനെ തുടർന്ന് നൽകിയ പരാതിയിൽ കേസെടുത്ത ഉപ്പുതറ പൊലീസ് സംഘത്തിന്‍റെ വാഹനം പിടിച്ചെടുത്തിട്ടുണ്ട്.
മേയാൻവിടുന്ന ആടുമാടുകളെ വെടിവച്ച് പിടികൂടി ഇറച്ചി കുറഞ്ഞ വിലക്ക് വിൽക്കുന്നതാണ് സംഘത്തിന്‍റെ രീതി. കഴിഞ്ഞ ദിവസങ്ങളിൽ ചപ്പാത്ത് കേന്ദ്രീകരിച്ച് ഒരു കിലോ മാട്ടിറച്ചി 300 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നു. മാർക്കറ്റിൽ 400 രൂപ വിലയുള്ള ഇറച്ചിയാണ് ഗൂഡ സംഘം 300 രൂപ നിരക്കിൽ വിൽപ്പന നടത്തിയത്.
മേയാൻ വിടുന്ന ആടുമാടുകളെ സംഘം വെടിവച്ച് പിടികൂടി അറവുശാലകളിലെത്തിക്കുന്നതാണ് സംഘത്തിന്‍റെ രീതി. ചീന്തലാർ മൂന്നാം ഡിവിഷനിൽ ദേവഭവനിൽ ഡെന്നീ സൺ, രാജീവ്ഭവനിൽ ആർ.സി ബേബി, തുണ്ടി പറമ്പിൽ ജയമോൾ ജോസഫ് തുടങ്ങിയവരുടെ വളർത്തു മൃഗങ്ങളെ അടുത്തിടെ കാണാതായിട്ടുണ്ട്.
ചീന്തലാർ ആനപള്ളം ഭാഗത്തുനിന്നും ഒരു പശുവിനെ കൊന്ന് മാസം എടുത്തതിനു ശേഷം അവശിഷ്ടങ്ങൾ തേയില കാട്ടിൽ ഉപേക്ഷിച്ച നിലയിൽ അടുത്ത നാളിൽ കണ്ടെത്തിയിരുന്നു. ഇത് ഡെന്നീസന്‍റെ കാണാതായ പശുവാണെന്നും കരുതുന്നു.
ഇയാളുടെ മൂരികിടാവ് വെടിയേറ്റ് ഗുരുതര പരുക്കോടുകൂടി വീട്ടിലെത്തിയിരുന്നു. ഇതിനെ കശാപ്പുകാർക്ക് വിൽപന നടത്തുകയും ചെയ്തിരുന്നു. കശാപ്പു നടത്തിയവർ മൂരികിടാവിന്‍റെ ശരീരത്തിൽ തറഞ്ഞ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഇതു സംബന്ധിച്ച പരാതി ഡെന്നീസൺ ഉപ്പുതറ പൊലീസിൽ നൽകിയിട്ടുണ്ട്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് കന്നുകാലികളെ കടത്തിയെന്ന് സംശയിക്കുന്ന വാഹനം കണ്ടെത്തിയത്. ഉപ്പുതറ, ചപ്പാത്ത്, മാട്ടുകട്ട പ്രദേശങ്ങളിലെ ചില കോൾഡ് സ്റ്റോറേജുകളുടെ മറവിലാണ് ഇത്തരത്തിൽ ഇറച്ചി വിൽപ്പനയും കന്നുകാലികളെ മോഷണവും പതിവാകുന്നതെന്നാണ് സൂചന. പഞ്ചായത്തുകൾക്ക് പോലും നിയന്ത്രിക്കുവാൻ സാധിക്കാത്ത നിലയിലാണ് ഇവയുടെ പ്രവർത്തനം.
Join Our Whats App group

Post A Comment: