ഇടുക്കി: കണ്ടാൽ മതിവരാത്ത കാഴ്ച്ചകളാണ് ഇടുക്കി ജില്ലയിലുള്ളത്. മഞ്ഞുമൂടിയ മലകളും താഴ്‌വാരങ്ങളും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും എന്നു വേണ്ട എത്ര കണ്ടാലും മതിവരില്ല ഇടുക്കിയെ. അതേപോലെ തന്നെ സുന്ദരമാണ് ഇടുക്കിയുടെ അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ കമ്പം.
ഇടുക്കിയിലെത്തുന്ന സഞ്ചാരികൾ മിക്കവരും തമിഴ്നാട്ടിലെ കമ്പം- തേനി റൂട്ടിലും ഒരു റൈഡ് നടത്താറുണ്ട്. മലമുകളിൽ നിന്നും ഹെയർപിൻ വളവുകൾ പിന്നിട്ട് തമിഴ്നാട്ടിലെ സമതല പ്രദേശത്തെത്തിയാൽ കാഴ്ച്ചകൾ നിരവധിയാണ്.
ഗൂഡല്ലൂരിലെ മുന്തിരിപ്പാടവും പച്ചക്കറി തോട്ടങ്ങളുമൊക്കെ സഞ്ചാരികളുടെ മനം കവരും. ഇതോടൊപ്പം ശ്രദ്ധേയമാണ് കമ്പം- തേനി റൂട്ടിലെ പൂ പാടങ്ങളും. കുമളിയിൽ നിന്നും കമ്പത്തേക്കുള്ള യാത്രയിൽ തന്നെ പൂ പാടങ്ങൾ കണ്ടു തുടങ്ങാറുണ്ട്. സീസണിലാണ് പൂ കൃഷി നടത്തുക. കേരളത്തിൽ ഓണത്തോട് അടുക്കുന്ന സമയത്താണ് പൂകൃഷി സജീവമാകുന്നത്.
കമ്പം പിന്നിട്ടാൽ തേനി റൂട്ടിൽ ഒട്ടേറെ പൂ പാടങ്ങൾ കാണാൻ സാധിക്കും. അതിൽ പ്രധാനമാണ് ജമന്തി തോട്ടങ്ങൾ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തോട്ടങ്ങൾ അടുക്കുമ്പോൾ അന്തരീക്ഷത്തിൽ നിന്നു തന്നെ അറിയാനാകും.
വായുവിൽ നിറഞ്ഞു നിൽക്കുന്ന സുഗന്ധം അത്രക്കുണ്ടാകും. കാഴ്ച്ചയുടെ ഒരു വിരുന്നു തന്നെയാണ് ഈ പൂ പാടങ്ങൾ. പൂക്കൾ പാകമാകുമ്പോൾ തോട്ടത്തിൽ ചിത്രങ്ങളെടുക്കാനും മറ്റുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. എല്ലായിടത്തും ആളുകളെ കയറ്റില്ലെങ്കിലും എങ്ങനെയും ഒരു ഫോട്ടോ തരപ്പെടുത്താൻ മലയാളികൾ അടക്കം നിരവധി പേർ ഇവിടെ എത്താറുണ്ട്.
ഇതാ കമ്പത്തെ ഒരു ജമന്തിപ്പാടം...
Join Our Whats App group

Post A Comment: