ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ അധ്യാപികയെ നഗ്നയാക്കി മരത്തിൽ കെട്ടിയിട്ട് മർദിച്ച് യുവാവ്. കർണാടകയിലെ ബാലൂർ ഗ്രാമവാസിയായ ഭവിത് (24) ആണ് അറസ്റ്റിലായത്. പരുക്കേറ്റ യുവതി ശിവമൊഗ്ഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂപ്പ താലൂക്കിലെ ജയപുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ വസ്ത്രം വലിച്ചുകീറിയ പ്രതി വായില്‍ മണ്ണ് തിരുകി ക്രൂരമായാണ് മര്‍ദിച്ചത്.
യുവതിയുടെ നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരിന്നു. അതേസമയം, പ്രതി യുവതിക്ക് പരിചയമുള്ള ആളാണെന്ന് പൊലീസ് പറയുന്നു.
ഇയാള്‍ യുവതിയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിരസിച്ചിരുന്നു. ഭവിത് ഫോണില്‍ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പര്‍ ബ്ലോക്ക് ചെയ്യുകയും കാണാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്‌കൂള്‍ വിട്ട് ഇവര്‍ വരുന്ന വഴിയില്‍ ഒളിച്ചിരുന്ന് ഭവിത് ആക്രമിച്ചത്.
ആക്രമണത്തില്‍ യുവതിയുടെ തലയ്ക്ക് പരുക്കേറ്റതായി സഹോദരന്‍ പറഞ്ഞു. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസെടുത്ത ചിക്കമംഗളൂരു പൊലീസ് ഭവിതിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
Join Our Whats App group

Post A Comment: