ബംഗളൂരു: കോളെജ് വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹൈദരാബാദിലാണ് 19 വയസുകാരിയായ മൗലിക മരിച്ചത്. കോളെജിലെ വോളിബോൾ പരിശീലകൻ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചതിനു പിന്നാലെയാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
റെയില്‍വേ ഡിഗ്രി കോളെജിലെ രണ്ടാം വര്‍ഷ വിദ്യാർഥിനിയാണ്. വോളിബോള്‍ പരിശീലകനായ അംബാജി നായിക് മകളെ ഉപദ്രവിച്ചിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
സംഭവത്തില്‍ വിദ്യാർഥിനിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പോ, വീഡിയോ സന്ദേശമോ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ കുടുംബത്തോട് നേരിട്ട് വെളിപ്പെടുത്തിയിരുന്നോ എന്നതും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി വോളിബോള്‍ പരിശീലകന്‍റെ മോശം പെരുമാറ്റത്തെക്കുറിച്ച് ചില സുഹൃത്തുക്കളോട് സംസാരിച്ചതായി മൊഴിയുണ്ട്.
ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Join Our Whats App group
Post A Comment: