ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്‌ത അപ്രതീക്ഷിത ഹർത്താൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും നിരത്തുകൾ ഒരുപോലെ ഒഴിഞ്ഞു കിടക്കുകയാണ്. തോട്ടങ്ങളിലും പണികൾ നടക്കുന്നില്ല.
സർക്കാർ ഓഫീസുകളിൽ അടക്കം ഹാജർ നില കുറവാണ്. ചിലയിടത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തുന്നുണ്ട്.
സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണ് എൽഡിഎഫ് ജില്ലയിൽ അപ്രതീക്ഷിത ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തെങ്കിലും, കേരളത്തിന്‍റെ ആശങ്ക സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങളും പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: