കട്ടപ്പന: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്‌ജുകളിലും വീട്ടിലും എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭഛിദ്രം നടത്തി മറ്റൊരു യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയ കട്ടപ്പനക്കാരൻ അറസ്റ്റിൽ. കട്ടപ്പന 20 ഏക്കർ കരിമ്പോലിൽ പ്രണയവ് ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയായ പിന്നോക്ക വിഭാഗത്തിൽ പെട്ട പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് നിരന്തരം ചാറ്റ് ചെയ്‌ത് പ്രണയത്തിലായി. പിന്നീട് എറണാകുളം, അടിമാലി, പെരുമ്പാവൂർ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലെത്തിച്ച് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു.
പ്രതിയുടെ 20 ഏക്കറിലെ വീട്ടിലെത്തിച്ചും പീഡനം നടത്തി. ഇതിനിടെ പെൺകുട്ടി ഗർഭിണിയായതോടെ നിർബന്ധിത ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും വഴങ്ങാതെ വന്ന യുവതിയെ മാനസിക ശാരീരിക പീഡനത്തിലൂടെ ഗർഭഛിദ്രത്തിന് ഇടയാക്കുകയും ചെയ്തു.
പിന്നീട് വാഴവര സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതിനെ തുടർന്ന് പ്രതി യുവതിക്ക് നൽകിയിരുന്ന വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി. വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതിയും മാതാപിതാക്കളും ചേർന്ന് മർദ്ദിച്ചതോടെയാണ് പരാതിയുമായി ഇരയായ യുവതി പൊലീസിനെ സമീപിക്കുന്നത്.
ഒളിവിൽ പോയ പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തൊടുപുഴയിൽ നിന്നും പിടികൂടുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ സഹായത്തോടുകൂടിയാണ് അറസ്റ്റുണ്ടായത്. കട്ടപ്പന ഐപി വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, സി.പി.ഒ അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: