ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 സൈനികരുടെ മരണത്തിനിയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിന്‍റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. തീപിടിച്ച് ഹെലികോപ്റ്റർ വീഴുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് തമിഴ്‌മാധ്യമങ്ങൾ പുറത്തു വിട്ടത്.
അപകടം നടക്കുന്നതിന്‍റെ 14 സെക്കൻഡുകൾ മാത്രം മുൻപ് നാട്ടുകാരനായ ഒരാൾ ചിത്രീകരിച്ചതാണ് വീഡിയോ. കനത്ത മൂടൽ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്പ്റ്റർ കടന്നു പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഹെലികോപ്പ്റ്റർ പറന്നു പോകുന്ന ദൃശ്യമാണ് വിഡിയോയിൽ ആദ്യം കാണുന്നത്. പിന്നാലെ കനത്ത മൂടൽ മഞ്ഞിനുള്ളിലേക്ക് ഹെലികോപ്റ്റർ കയറി. തൊട്ടു പിന്നാലെ അസ്വാഭാവികമായ ശബ്‌ദം കേട്ടപ്പോൾ തകർന്നു വീണോ എന്ന് ഒരാൾ തമിഴിൽ ചോദിക്കുന്നു.
ഇതിനു മറുപടിയായി വീണു എന്ന് മറ്റൊരാൾ പറയുന്നതായും വിഡിയോയിൽ കേൾക്കാൻ സാധിക്കും. അതെ സമയം കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണം എന്ന് ഉറപ്പിക്കാൻ സാധിക്കില്ല. അപകട കാരണം കണ്ടെത്താനുള്ള വ്യോമസേനയുടെ അന്വേഷണം തുടരുകയാണ്.
ഹെലികോപ്റ്ററിന്‍റെ ഡേറ്റ റെക്കോർഡർ സംഘം കണ്ടെടുത്തിരുന്നു. അപകടം സംബന്ധിച്ച നിർണായക വിവരങ്ങൾ ഇതിൽ നിന്നും ലഭിക്കും. ബിപിൻ റാവത്ത് ഉൾപ്പെടെ ഉള്ള 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ ബുധനാഴ്ച്ച ഉച്ചയ്ക്കാണ് കൂനൂർ കാട്ടേരിയിൽ തകർന്നു വീണത്. അപകടത്തിൽ 13 പേരും മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: