കൊച്ചി: കോവിഡാനന്തര കേരളത്തിൽ പുതുതായി സെറ്റ് ചെയ്യപ്പെട്ട ട്രെന്‍റാണ് ഉപരിപഠനത്തിനായി യു.കെ യിലേക്കും, യൂറോപ്പിലേക്കും, കാനഡ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക്. ഇതിൽ പ്രധാന ആകർഷണങ്ങൾ യു.കെയും കാനഡയും തന്നെ. പാതി സമയം പഠനം, ബാക്കി സമയം ജോലി. ഒരു മാസത്തെ വരുമാനം കൊണ്ട് തന്നെ നല്ലൊരു തുക സമ്പാദിക്കാം. പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് സമയത്തിനുള്ളിൽ സ്ഥിരം ജോലി സംഘടിപ്പിച്ചാൽ അവിടെ തന്നെ നിൽക്കാം. പതിയെ വിദേശ പൗരത്വവും.
ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പാലായനം ചെയ്തു ശീലിച്ച മലയാളികളുടെ പുതിയ മേച്ചിൽപ്പുറമായി യു.കെയും മാറിയത് ഇത്തരത്തിലാണ്. പ്രൊഫഷണൽ യോഗ്യതയും IELTS ൽ നിശ്ചിത സ്കോർ ലെവലും ഉള്ളവർക്കല്ലാതെ ഗൾഫ് നാടുകളിലെക്കെന്നത് പോലെ ജോലിക്കായി പോകാൻ വർക്ക് വിസ ലഭിക്കാറില്ല. ഇതിനെ മറികടക്കാനാണ് ഉപരിപഠന സാധ്യതയിലൂടെ ഈ മൈഗ്രേഷൻ, വിവാഹിതരാണെങ്കിൽ പങ്കാളിയേയും ഒപ്പം കൂട്ടാം.
എന്നാൽ മനുഷ്യ വിഭവ ശേഷി അന്യദേശങ്ങളിൽ നിന്നും ഉൾക്കൊള്ളാനായി തയ്യാറാകുന്ന യു.കെ. അടക്കമുള്ള രാജ്യങ്ങൾ ഉപരിപഠനത്തിന് വിദേശ വിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ അടക്കം ദുരുപയോഗിച്ച് കൊണ്ട് വ്യാജ സർട്ടിഫിക്കറ്റും രേഖകളും ഉപയോഗിച്ചു തലയെണ്ണി ആളെ കയറ്റി വിട്ട് ലക്ഷങ്ങൾ കൊയ്യുന്ന തട്ടിപ്പ് കോൺസൾട്ടൻസി സ്ഥാപനങ്ങൾ കേരളത്തിൽ കൂണുകൾ പോലെ മുളച്ചു പൊന്തുകയാണ്.
ഇതിനെതിരെ ജാഗ്രത പാലിക്കേണ്ട സർക്കാരും അധികൃതരും അനാസ്ഥ പാലിച്ചപ്പോൾ ഏതാണ്ട് നൂറോളം വിദ്യാർഥികളാണ് ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രോസ് വെരിഫിക്കേഷനിൽ പിടിക്കപ്പെട്ടു പണവും നഷ്ടപ്പെട്ടു തിരികെ എത്തിയത്.
തട്ടിപ്പിന്‍റെ തുടക്കം
കേരളത്തിൽ പ്ലസ് ടു പഠിച്ച ഒരു വിദ്യാർഥിക്ക് 70 ശതമാനത്തിന് മുകളിൽഇംഗ്ലീഷിന് മാർക്കുണ്ടെങ്കിൽ യു.കെ. അടക്കം പല രാജ്യങ്ങളിലെക്കും IELTS സ്കോർ മാനദണ്ഡം പാലിക്കേണ്ടതില്ല. ഈ പഴുതുപയോഗിച്ച് ഇംഗ്ലീഷിന് മാർക്കില്ലാത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വ്യാജമായി അച്ചടിച്ചു അതിൽ മാർക്ക് തിരുത്തി ആണ് കൺസൾട്ടൻസി വിദേശത്തേക്ക് അയക്കുക. ഇതിനായി നിശ്ചിത ഫീയും വിദ്യാർഥിയോട് വാങ്ങും.
പ്ലസ് ടു പാസ് ആയിട്ടില്ലെങ്കിലും പ്രശ്നമില്ല, ചൂടോടെ തമിഴ്നാട്ടിൽ നിന്നും യു.പിയിൽ നിന്നുമുള്ള ഏതെങ്കിലും ഹയർ സെക്കന്‍ററി ബോർഡിന്‍റെ സർട്ടിഫിക്കറ്റ് റെഡി, ഏജൻസി തുക വീണ്ടും കൂടുമെന്ന് മാത്രം. കൂടാതെ പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കണോ? ഡിഗ്രി പാസ് ആവേണ്ട, പ്ലസ് ടു വിന് മാർക്കും വേണമെന്നില്ല, IELTS ഉം ആവശ്യമില്ല. വേണ്ട യോഗ്യത വ്യാജമായി തരപ്പെടുത്തി തരും.
വിദേശ യൂണിവേഴ്സിറ്റികളിലും മലയാളി സാന്നിധ്യം
തട്ടിപ്പ് കേരളത്തിൽ മാത്രമല്ല, മലയാളി എവിടുണ്ടോ അവിടെ ഒക്കെയുണ്ട്, UK യിലെ De - Montfort യൂണിവേഴ്സിറ്റി ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കററ്റുമായി വരുന്നവർക്കുള്ള പറുദീസയാണ്, ഇതിനൊക്കെ ഒത്താശയുമായി പ്രസ്തുത സർവകലാശാലയിൽ ജോലി ചെയ്യുന്ന ഒരു മലയാളിയും ഉണ്ടത്രേ.
കൊച്ചി വിമാനത്താവളത്തിൽ പിടിയിലായപ്പോൾ
വിദേശത്തേക്ക് കടക്കാനായി നെടുമ്പാശ്ശേരിയിൽ എത്തിയപ്പോളാണ് ആഴ്ചകൾക്ക് മുൻപ് ഈ തട്ടിപ്പിന് പിടി വീഴുന്നത്. വിദേശത്തേക്ക് പഠനത്തിനായി പോകുന്നവർ വിമാനത്താവളത്തിലെ എമിഗ്രേഷൻ വകുപ്പിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന മനസിലാക്കിയതിനെ തുടർന്ന് പത്തോളം പേർ പിടിയിലാവുകയായിരുന്നു.
തുടർന്നാണ് പൊലീസ് നേതൃത്വത്തിലുള്ള പൊലീസ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകിയവരെ അറസ്റ്റ് ചെയ്യുന്നത്. ഇതെപ്പറ്റി കൂടുതൽ സമഗ്രമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയാണ്.
വിദേശ പഠനത്തിനായി വിദ്യാർഥികളെ കയറ്റി അയക്കുന്ന സ്ഥാപനങ്ങൾക്കും നിർദ്ധിഷ്ട ലൈസൻസുകളും വിവിധ വകുപ്പുകളിൽ നിന്നുള്ള അപ്പ്രൂവലുകളും രേഖകളും ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: