ഇടുക്കി: വ്യാജ മദ്യം നിർമിച്ച് കളർ ചേർത്ത് ലേബലുള്ള കുപ്പികളിലാക്കി വിൽപ്പന നടത്തുന്ന വൻ സംഘം ഇടുക്കിയിൽ പിടിയിൽ. നെടുങ്കണ്ടം എഴുകുംവയലിൽ നാർക്കോട്ടിക് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ സംഘം പിടിയിലായത്.
315 ലിറ്റർ സ്‌പിരിറ്റും വ്യാജ മദ്യ നിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ എഴുകുംവയൽ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയിൽ അനീഷ് എന്നിവർ അറസ്റ്റിലായി.
സന്തോഷിന്‍റെ ഉടമസ്ഥതയിലുള്ള കോഫീ ഷോപ്പിലും സമീപത്തെ അനീഷിന്‍റെ മുറിയിൽ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തിൽ കൂടതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും നാർക്കോട്ടിക് വിഭാഗം അറിയിച്ചു.
സ്‌പിരിറ്റ് നേർപ്പിച്ച് കളർ ചേർത്ത് വിവിധ ബ്രാൻഡുകളിലുള്ള കുപ്പികളിലാക്കി വിൽപന നടത്തി വരികയായിരുന്നു സംഘം. ഇവിടെ വ്യാജ വിദേശ മദ്യ നിർമാണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നാർക്കോട്ടിക് വിഭാഗം നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്നായിരുന്നു തിങ്കാളാഴ്ച്ച വൈകിട്ടോടെ മിന്നൽ പരിശോധന നടത്തിയത്.
ആറ് കന്നാസ് സ്പിരിറ്റ്, ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളര്‍ ചേര്‍ക്കുന്നതിനുള്ള പൊടികള്‍, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവ ഇവരുടെ മുറികളില്‍ നിന്നും കണ്ടെടുത്തു. പല ബ്രാന്‍റുകളുടെ കുപ്പികളാണ് കണ്ടെടുത്തത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സി.ഐ ഷൈബു, പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ. സതീഷ്, അനില്‍ എം.പി, സ്‌ക്വാഡ് അംഗങ്ങളായ ജലീല്‍ പി.എം, സിജിമോന്‍ കെ.എസ്, അനൂപ് തോമസ്, നാസര്‍ പി.വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനു മുകളിലായി ചക്രവാത ചുഴി രൂപപ്പെടും. ബുധനാഴ്ച്ചയോടെ രൂപപ്പെടുന്ന ചക്രവാത ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും. ഇതിന്‍റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കേരളത്തിൽ മധ്യ- തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ജാഗ്രത വേണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്.
Post A Comment: