ഇടുക്കി: കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാൻ ഹോളിൽ കുടുങ്ങി മൂന്ന് പേർ മരിച്ചതിനു പിന്നിൽ വിഷ വാതകമെന്ന് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് ജില്ലാ കലക്റ്റർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതടക്കം റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.
മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശ ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ക്കും നിര്‍ദേശം നൽകിയിട്ടുണ്ട്. നിര്‍മാണത്തില്‍ വീഴ്ചയുണ്ടോയെന്നും പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയുണ്ടാകും.
തമിഴ്‌നാട് കമ്പം സ്വദേശിയായ ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദര പാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മരണത്തിനു കാരണമായ വാതകം ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് കണ്ടെത്താൻ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് തമിഴ്നാട്ടിൽ നിന്നെത്തിയ തൊഴിലാളികൾ ടാങ്ക് വൃത്തിയാക്കല്‍ ജോലികള്‍ ആരംഭിച്ചത്. ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ജയരാമന്‍ കരാര്‍ എടുത്തിരുന്നു. ജയരാമനും അഞ്ചു തൊഴിലാളികളും ചേര്‍ന്ന് മാലിന്യം നീക്കം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.
മൈക്കിള്‍ ആണ് മാലിന്യ ടാങ്കിലേക്ക് ആദ്യം ഇറങ്ങിയത്. ഇയാള്‍ ടാങ്കിനുള്ളില്‍ കുടുങ്ങി എന്ന് മനസ്സിലാക്കിയതോടെ രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുന്ദര പാണ്ഡ്യന്‍. രണ്ടു പേരും ബോധം കെട്ട് വീണതോടെ ജയരാമനും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു.
കട്ടപ്പന പാറക്കടവിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ഹോട്ടല്‍ പുതുക്കി പണിയുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനിടെ ഹോട്ടലിന്‍റെ മുന്‍വശത്തെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ആണ് മൂന്ന് പേര്‍ മാന്‍കോളിലൂടെ ഇറങ്ങിയത്. ഫയര്‍ഫോഴ്‌സും പൊലീസ് അധികൃതരും എത്തി രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആണ് മൂവരെയും പുറത്തെടുത്തത്.
Join Our Whats App group
Post A Comment: