തിരുവനന്തപുരം: പെറ്റി അടയ്ക്കാത്തതിന്‍റെ പേരിൽ മൂന്ന് വയസുകാരിയെ കാറിൽ തനിച്ചാക്കി പൊലീസ് താക്കോൽ ഊരിയെടുത്തു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 23ന് ബാലരാമപുരത്താണ് സംഭവം നടന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
തിരുവനന്തപുരം സ്വദേശിയായ ഷിബുകുമാറും ഭാര്യ അഞ്ജന സുരേഷും കുഞ്ഞും കാറിൽ പോകുന്നതിനിടെ ബാലരാമപുരത്ത് വച്ച് പൊലീസ് വാഹനം തടയുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നുവെന്നും 1500 രൂപ പിഴയൊടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ഇത്രയും തുക അടക്കാനില്ലെന്നും ഒരു വർഷത്തിലേറെയായി വരുമാനം ഇല്ലെന്നും പറഞ്ഞിട്ടും പൊലീസ് നിലപാട് മാറ്റിയില്ല. ഗാനമേളയ്ക്ക് സംഗീതോപകരണം വായിക്കുന്നയാളാണ് ഷിബുകുമാർ, അഞ്ജന ഗായികയാണ്. കോവിഡിനെ തുടർന്ന് ഗാനമേളകൾ നിലച്ചതോടെ ഇവരുടെ വരുമാനവും ഇല്ലാതായിരുന്നു.
ഇതിനിടെ അമിത വേഗത്തിൽ പോകുന്ന മറ്റു വാഹനങ്ങളെ തടയാതിരുന്നത് ചോദ്യം ചെയ്‌തതിനു പൊലീസ് ഷിബുകുമാറിനെ മർദിക്കാനും ശ്രമിച്ചു. കാറിൽ നിന്നും പുറത്തിറങ്ങിയ അഞ്ജന ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞ് കാറിനുള്ളിലുള്ളത് പോലും നോക്കാതെ കാറിന്‍റെ താക്കോൽ ഊരിയെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഈ സമയത്ത് കുഞ്ഞ് കാറിനുള്ളിലിരുന്ന് കരഞ്ഞിട്ടും പൊലീസ് താക്കോൽ നൽകിയില്ല. കേസെടുത്ത് അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അഞ്ജന പറഞ്ഞു. അഞ്ജന പകർത്തിയ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. പിന്നീട് പെറ്റി അടച്ച് അവിടുന്ന് പോകുകയായിരുന്നു. ആറ്റിങ്ങലിലെ സംഭവത്തിനു പിന്നാലെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും ഷിബുകുമാർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: