കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശി ജോബിൻ ജോണാണ് പിടിയിലായത്.
ഇന്നലെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ തൂപ്പ് ജോലിക്കാർ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ എത്തിയ 17കാരിയാണ് കുഞ്ഞിന് ജൻമം നൽകിയതെന്ന് കണ്ടെത്തി.
യുവതി അമ്മയ്ക്കൊപ്പമാണ് ആശുപത്രിയിലെത്തിയത്. യുവതിയെയും അമ്മയെയും ചോദ്യം ചെയ്‌തതിലൂടെയാണ് ഗർഭത്തിന് ഉത്തരവാദി യുവതിയുടെ സുഹൃത്താണെന്ന് വിവരം ലഭിച്ചത്. പെൺകുട്ടിക്ക് 17 വയസ് മാത്രം പ്രായമുള്ളതിനാൽ യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുക്കും.
ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എറണാകുളം കടവന്ത്ര സ്വദേശിനിയാണ് പെൺകുട്ടി. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ പ്രസവിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിനു ശേഷം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: