തിരുവനന്തപുരം: ഒമിക്രോൺ ഭീതിക്കിടെ സംസ്ഥാനത്ത് ഗുരുതര വീഴ്ച്ചയുണ്ടായതായി റിപ്പോർട്ട്. വിദേശത്തു നിന്നെത്തുന്നവർക്ക് കർശന ജാഗ്രതാ നിർദേശം നിലനിൽക്കെ റഷ്യയിൽ നിന്നും കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചതായാണ് വിവരം.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തുന്നവരെ ആർടിപിസിആർ ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ പുറത്ത് വിടാവൂ എന്ന കേന്ദ്രത്തിന്‍റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചത്.
ഇവർക്ക് ഹോം ക്വാറന്‍റൈൻ പോകാനും നിർദ്ദേശം നൽകിയിട്ടില്ല. നവംബർ 28 ഞായറാഴ്ച്ചയാണ് ഇവർ കേരളത്തിൽ വിമാനം ഇറങ്ങിയത്. 20 പേർ കൊച്ചിയിലും ഒരാൾ തിരുവനന്തപുരത്തുമാണ് പരിശോധന കൂടാതെ പോയത്. വിവിധ എയർ അറേബ്യ വിമാനങ്ങളിലായാണ് 30 അംഗ മലയാളി സംഘം ഷാർജ വഴി കേരളത്തിൽ എത്തിയത്. 24 പേർ കൊച്ചിയിലും, ഒരു കുട്ടി ഉൾപ്പെടെ അഞ്ചു പേർ തിരുവനന്തപുരത്തും, ഒരാൾ കോഴിക്കോട്ടും വിമാനം ഇറങ്ങി.
ഇതിൽ കോഴിക്കോട് വിമാനമിറങ്ങിയ ആളെയും തിരുവനന്തപുരത്തെത്തിയ മൂന്ന് പേരെയും ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കുകയും ഹോം ക്വാറന്‍റൈൻ നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ കൊച്ചിയിലെത്തിയ 20 പേരെയും തിരുവനന്തപുരത്ത് ഒരാളെയും പരിശോധിക്കുകയോ, ഹോം ക്വാറന്‍റൈൻ പോകാൻ ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ല.
എന്നാൽ ഇത്തരം ഒരു സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ പ്രതികരിച്ചത്. ഹൈ റിസ്ക്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ ഞായറാഴ്ച്ച മുതൽ പരിശോധനയ്ക്ക് വിദേയരാക്കുന്നുണ്ട്. ഞായറാഴ്ച്ച മാത്രം 141 പേരെ ആണ് ടെസ്റ്റിന് വിധേയനാക്കിയത്. എന്നാൽ ഇങ്ങനെ ഒരു വീഴ്ച്ച ഉണ്ടായതിനെ കുറിച്ച് അറിയില്ല. ഇക്കാര്യം അന്വേഷിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: