കോട്ടയം: പ്രാവിനെ പിടിച്ചെന്ന സംശയത്തെ തുടർന്ന് അയൽവാസി എയർ ഗൺ ഉപയോഗിച്ച് വെടിവച്ച പൂച്ച ചത്തു. ഇന്നലെ തൃപ്പൂണിത്തുറ മൃഗാശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെയാണ് പൂച്ച ചത്തത്. വെടിവെപ്പിനെ തുടർന്ന് കരളിൽ മുറിവും കുടലിനു ക്ഷതവും ഏറ്റിരുന്നു. വെടിയേറ്റതിനുശേഷം പൂച്ച ആഹാരം കഴിച്ചിരുന്നില്ല.
ആദ്യം വൈക്കം മൃഗാശുപത്രിയിലും തുടർന്ന് കോട്ടയം ജില്ലാ വെറ്റിനറി കേന്ദ്രത്തിലും ചികിത്സ നൽകിയിരുന്നു. ഇന്നലെ തൃപ്പൂണിത്തുറ മൃഗാശുപത്രിയിൽ എക്സ്റേ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ വെടിയുണ്ടയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്നാണ് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുത്തത്.
പൂച്ചയെ വെടിവെച്ച സംഭവത്തിൽ വൈക്കം പൊലീസ് അന്വേഷണം നടത്തിവരികയാണ്. പൂച്ചയെ വളർത്തിയ രാജനും സുജാതയും വൈക്കം പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ അയൽവാസിയായ രമേശനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രമേശൻ എയർ ഗൺ ഉപയോഗിച്ച് പൂച്ചയെ വെടിവെച്ചു എന്നാണ് രാജനും സുജാതയും നൽകിയിരിക്കുന്ന പരാതി.
തന്‍റെ പ്രാവിനെ ആക്രമിച്ചതിനെ തുടർന്നാണ് പൂച്ചയെ വെടിവെച്ചത് എന്ന് രമേശൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. പൂച്ചയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ വൈക്കം പൊലീസ് നടത്തും. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആകും ശരീരം മറവ് ചെയ്യുക. ഞായറാഴ്ച രാത്രി ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിയെത്തുമ്പോൾ ആണ് പൂച്ചയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
സെന്‍റ് ജോർജ് സ്‌കൂളിലെ മോഷണം; പ്രതി പിടിയിൽ
ഇടുക്കി: കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ നിന്നടക്കം മോഷണം നടത്തി മുങ്ങിയ കുപ്രസിദ്ധ കള്ളനെ പൊലീസ് തമിഴ്‌നാട്ടിലെ ഒളിയിടത്തിൽ നിന്നും പിടികൂടി. ഇടുക്കി മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷാണ് (41) അറസ്റ്റിലായത്. കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 86,000 രൂപ മോഷണം നടത്തി മണിക്കൂറുകൾക്കകമാണ് പ്രതിയെ പൊലീസ് കുടുക്കിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.
തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്‌ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാത്രിയിലാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
പതിവായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ കേസിൽ നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആൾ തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന് നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്.
ഈ മാസം രണ്ടിനാണ് സമാനമായ ഒരു കേസിൽ ജയിലിൽ നിന്നും ഇറങ്ങിയത്. ജയിൽ മോചിതനായതിനു പിന്നാലെ ആലത്തൂരിൽ നിന്നും ചങ്ങനാശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തി. ഇതിനു പിന്നാലെയായിരുന്നു കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിലും മോഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ, കട്ടപ്പന ഐ.പി. വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ വി.കെ. അനീഷ്, ടോണി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: