ഇടുക്കി: കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ നിന്നടക്കം മോഷണം നടത്തി മുങ്ങിയ കുപ്രസിദ്ധ കള്ളനെ പൊലീസ് തമിഴ്‌നാട്ടിലെ ഒളിയിടത്തിൽ നിന്നും പിടികൂടി. ഇടുക്കി മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷാണ് (41) അറസ്റ്റിലായത്.
കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 86,000 രൂപ മോഷണം നടത്തി മണിക്കൂറുകൾക്കകമാണ് പ്രതിയെ പൊലീസ് കുടുക്കിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്‌ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാത്രിയിലാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
പതിവായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ കേസിൽ നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആൾ തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന് നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്.
ഈ മാസം രണ്ടിനാണ് സമാനമായ ഒരു കേസിൽ ജയിലിൽ നിന്നും ഇറങ്ങിയത്. ജയിൽ മോചിതനായതിനു പിന്നാലെ ആലത്തൂരിൽ നിന്നും ചങ്ങനാശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തി. ഇതിനു പിന്നാലെയായിരുന്നു കട്ടപ്പന സെന്‍റ് ജോർജ് സ്‌കൂളിലും മോഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ, കട്ടപ്പന ഐ.പി. വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ വി.കെ. അനീഷ്, ടോണി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: