കന്യാകുമാരി: സഹപാഠി നൽകിയ ശീതള പാനീയം കുടിച്ച ആറാം ക്ലാസ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിളയിലാണ് സംഭവം നടന്നത്. കളിയിക്കാവിള മെതുകുമ്മൽ സ്വദേശി സുനിൽ - സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അതംകോടിലുള്ള സ്വകാര്യ സ്കൂളിലാണ് അശ്വിൻ പഠിക്കുന്നത്. കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞ ശേഷം സ്കൂളിൽ നിന്നു വീട്ടിലേയ്ക്ക് മടങ്ങാൻ നിൽക്കുന്നതിനിടെ സ്കൂളിലെ മറ്റൊരു വിദ്യാർഥി ബോട്ടിലിലുള്ള ശീതള പാനീയം കുടിക്കാൻവേണ്ടി അശ്വിന്‍റെ മുന്നിലേക്ക് നീട്ടി. അശ്വിൻ വാങ്ങി കുടിച്ച ശേഷം ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് രാത്രി ഛർദിയും ദേഹാസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടൻ ബന്ധുക്കൾ കളിയിക്കാവിളയിലും തുടർന്ന് അടുത്ത ദിവസം മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പരിശോധന നടത്തിയതിൽ ആസിഡ് പോലുള്ള ദ്രാവകം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ കളിയിക്കാവിള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി രക്ഷകർത്താക്കളിൽ നിന്നും പരാതി സ്വീകരിച്ച ശേഷം നടത്തിയ അന്വേഷണത്തെ തുടർന്നാണ് സ്കൂളിൽ വച്ചു മറ്റൊരു വിദ്യാർഥി ശീതള പാനിയം തന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. എന്നാൽ ശീതള പാനിയം നൽകിയ വിദ്യാർഥി ആരാണെന്ന് അറിയില്ല എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
തുടർ പരിശോധനയിൽ കുട്ടിയുടെ രണ്ടു വൃക്കകളും തകരാറിലാണെന്നും നിലവിൽ ഇപ്പോൾ ഡയാലിസ് ചെയ്തു വരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. കളിയിക്കാവിള പൊലീസ് കേസെടുത്ത ശേഷം സ്‌കൂൾ അധികൃതരേയും ചോദ്യം ചെയ്തു വരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ചിന്നമ്മ കൊലപാതകം; ഭർത്താവ് മരിച്ച നിലയിൽ
ഇടുക്കി: കട്ടപ്പനയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവ് ജോർജിനെ അതേ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജിനെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ഭാര്യ ചിന്നമ്മയെ 2021 ഏപ്രിൽ എട്ടിന് ഇതേ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ജോർജിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ജോർജിനെ കാണാനില്ലെന്ന് കാട്ടി ബന്ധു കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കട്ടപ്പന പൊലീസ് ഇന്ന് കൊച്ചുതോവാളയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകളിലെ കിടപ്പുമുറിയിൽ ജോർജ് മരിച്ചു കിടക്കുന്നത് കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ് മോർട്ടം നടപടികൾക്കുമായി മാറ്റും. തുടർന്ന് മാത്രമേ മരണ കാരണം വ്യക്തമാകു.
ചിന്നമ്മ കൊലക്കേസിൽ ജോർജിനെ പൊലീസ് പലതവണ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കേസിൽ തുമ്പു കണ്ടെത്താനായിരുന്നില്ല. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും വരെ നടത്തിയതിനു ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ചിന്നമ്മെയ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ചിന്നമ്മയും ജോർജും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
Post A Comment: