ആലപ്പുഴ: അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്‌ത അമ്മയെ 17 കാരി കുത്തി പരുക്കേൽപ്പിച്ചു. ആലപ്പുഴ ബീച്ച് വാർഡിൽ താമസിക്കുന്ന അധ്യാപികയായ വീട്ടമ്മയ്ക്കാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥിനിയായ മകളാണ് അമ്മയെ കുത്തിയത്.
കഴുത്തിന് കുത്തേറ്റ ഇവർ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മകൾക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മകളുടെ മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അമ്മ ഫോണിന്‍റെ ചാർജർ മാറ്റിവച്ചു. ഇതിനെ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്കിട്ടു.
ഇതിനു പിന്നാലെ വീടിന്‍റെ തറയിൽ വളർത്തു നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ മകളോട് അമ്മ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടാകുകയും കറിക്കത്തികൊണ്ട് 17 കാരി അമ്മയുടെ കഴുത്തിൽ കുത്തുകയുമായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അധ്യാപിക വീട്ടിൽ നിന്നും ഇറങ്ങിയോടി സമീപത്തെ വീട്ടിലെത്തി.
അയൽവാസിയുടെ വീട്ടിലെത്തിയ ഇവർ ബോധം കെട്ട് വീഴുകയായിരുന്നു. അയൽവാസിയായ യുവാവ് കഴുത്തിൽ തുണികൊണ്ട് കെട്ടിയ ശേഷം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഐസിയുവിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ പൊലീസ് ഷെൽറ്റർ ഹോമിലേക്ക് മാറ്റി.
Join Our Whats App group

Post A Comment: