കൊടുങ്ങല്ലൂര്‍: യുഎഇയില്‍ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച പ്രതികളെ കുരുക്കാന്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കൊടുങ്ങല്ലൂര്‍ സ്വദേശികളും ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. റഷീദ് പടിയത്ത് മണപ്പാട്ടിന്‍റെ മകനുമായ മുഹമ്മദ് നാസര്‍, ഭാര്യ സാജിത മുഹമ്മദ് നാസര്‍, ചാവക്കാട് സ്വദേശികളായ മരീഷ് മുഹമ്മദലി സഹോദരന്‍ ഫാസില്‍ മുഹമ്മദലി എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ നാലു വരെ പ്രതികള്‍.
ഇതില്‍ മൂന്നാം പ്രതി മരീഷ് മുഹമ്മദിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്തേയ്ക്ക് കടന്നതിനെ തുടര്‍ന്ന് വാറണ്ടിലാണ്. നടന്ന കുറ്റകൃത്യത്തില്‍ ഒന്നും രണ്ടും പ്രതികളാണ് പവര്‍ ഓഫ് അറ്റോണിയില്‍ വ്യാജരേഖ ചമച്ചതെന്നു കാട്ടിയാണ് മരീഷ് അന്ന് ജാമ്യം നേടിയത്. 2012 ലാണ് കേസിനു ആസ്‌പദമായ സംഭവം.
തിരൂര്‍ സ്വദേശിയുടെ ദുബായിലെ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിനായി പാര്‍ട്ട്ണര്‍ കൂടിയായിരുന്ന നാസറിന്‍റെ ഭാര്യ സാജിതയുടെ പേരില്‍ പവര്‍ ഓഫ് അറ്റോണി നല്‍കിയിരുന്നു. പ്രസ്‌തുത പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് പരാതിക്കാരന്റെ രണ്ടു സ്ഥാപനങ്ങള്‍ വില്‍ക്കുകയും ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്‌തതുമായി ബന്ധപ്പെട്ടാണ് കേസ്.
വഞ്ചന, പവര്‍ അറ്റോണിയിലെ നിബന്ധനകള്‍ ലംഘിക്കയ്ക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍് ചുമത്തിയാണ് കോടതി പ്രതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുള്ളത്. ഉടമയറിയാതെ ഏഴു കോടി രൂപയാണ് നാലു പ്രതികളും ചേര്‍ന്ന് തട്ടിയെടുത്തത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് കോടതി ഉടമകളുടെ സ്വത്തു വകകള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
പ്രതികളുടെ പിതാവ് ഡോ. റഷീദ് പടിയത്ത് മണപ്പാട്ടിന്‍റെയും മുന്‍ ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എം. അക്ബറിന്റെയും മധ്യസ്ഥതയില്‍ പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസായതിനാല്‍ അറസ്റ്റ് ഒഴിവാക്കാനും കേസ് സിവിലാക്കാനും പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി കേസ് തള്ളിയതോടെ പ്രതികള്‍ വിദേശത്തേയ്ക്ക് മുങ്ങി.
വാറണ്ട് നിലനില്‍ക്കെ പ്രതികള്‍ നാട്ടിലെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ സിഎച്ച്ഒ ജിജോ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് പരാതിക്കാരന്‍ മലപ്പുറം എസ്‌പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് തുടരന്വേഷണത്തിനായി തിരൂര്‍ ഡിവൈഎസ്‌പിക്ക് കേസ് കൈമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്‌തു കൊണ്ടു വരുന്നതിനായി ദുബായ് കോണ്‍സുലേറ്റുമായി ബന്ധപ്പെടാനിരിക്കുകയാണ് പൊലീസ്. കൊടുങ്ങല്ലൂര്‍, വടക്കേക്കാട് പൊലീസിന്‍റെ കൂടി സഹകരണത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: