ബോഗോട്ട: വീട് വയ്‌ക്കുമ്പോൾ പുതുമകൾ തേടുന്നവരാണ് നമ്മളിൽ പലരും. താമസ സ്ഥലം ആകർഷകമാക്കാൻ പലവിധ പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാൽ തലതിരിഞ്ഞ വീടിനെ കുറിച്ച് അധികമാരും ചിന്തിച്ചിട്ടുണ്ടാവില്ല.
ഇത്തരത്തിൽ ഒരു വീഡാണ് ഇപ്പോൾ ലോക വ്യാപകമായി വൈറലാകുന്നത്. കൊളംബിയയുടെ തലസ്ഥാനമായ ബോഗോട്ടയിൽ നിന്ന് 70 കിലോമീറ്റർ മാറി ഗുട്ടാവിത എന്ന സ്ഥലത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്.
വാസ്‌തുകല വിസ്‌മയമെന്ന് അവകാശപ്പെടുന്ന തലകീഴായി നിൽക്കുന്ന പാർപ്പിടം. തലതിരിഞ്ഞ ഈ വീടിന്‍റെ ഉപജ്ഞാതാവ് വീട്ടുടമസ്ഥനായ ഫ്രിറ്റ്സ് ഷാൽ ആണ്. ഓസ്ട്രിയക്കാരനായ ഇദ്ദേഹം 22 വർഷത്തോളമായി കുടുംബ സമേതം കൊളംബിയയിലാണ് താമസം.
ഷാൽ സ്വദേശമായ ഓസ്ട്രിയയിലേക്ക് നടത്തിയ ഒരു യാത്രയാണ് ഈ തലതിരിഞ്ഞ വീടിന്‍റെ ആശയത്തിന് കാരണമായത്. 2015 ൽ ഓസ്ട്രിയയിലേക്ക് കൊച്ചുമക്കൾക്കൊപ്പം നടത്തിയ യാത്രയിലാണ് ഇത് പോലെ ഒരു വീട് കണ്ടത്. അന്ന് തന്നെ അത്തരത്തിൽ ഒരു വീട് വേണമെന്ന മോഹം മനസിൽ കയറി. നിർമാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചെങ്കിലും പണി പൂർത്തിയാക്കുന്നത് ഇപ്പോഴാണ്. കോവിഡ് വ്യാപനം വീടുപണി വൈകുന്നതിന് കാരണമായി.
ഈ മാതൃകയിൽ ഒരു വീടിന്‍റെ ഡിസൈനുമായി ഫ്രിറ്റ്സ് ഷാൽ മുന്നിട്ടിറങ്ങിയപ്പോൾ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അദ്ദേഹം രണ്ടും കൽപിച്ചു തുനിഞ്ഞിറങ്ങി. വീടിന്‍റെ ഡിസൈൻ കണ്ട് ഷാലിന് ചെറിയ കിറുക്കാണ് എന്ന് പറഞ്ഞ് പരാതിയവരുണ്ട്. ചിലർ തലതിരിഞ്ഞ വീടിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകൾ പറഞ്ഞു.
അതിനെയും അവഗണിച്ചാണ് ഫ്രിറ്റ്സ് ഷാൽ ഗൃഹ നിർമാണവുമായി മുന്നേറിയത്. മേൽക്കൂര നിലത്ത് ചേർന്ന് നിൽക്കുന്ന വീട്ടിലേക്ക് കയറുമ്പോൾ മുതൽ വിസ്മയ കാഴ്ച്ചകളാണ്. സോഫയും ഇരിപ്പിടങ്ങളും സീലിങ്ങിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഡൈനിങ്ങ് ടേബിൾ, ക്ലോസെറ്റ്, ബാത്ത്ടബ്, ചുമരിലെ ചിത്രങ്ങൾ, വാൾ പെയിന്റിംഗ്, കട്ടിൽ, ടിവി യുണിറ്റ് തുടങ്ങി സർവ ഗൃഹോപരണങ്ങളും സീലിങ്ങിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന നിലയിലാണ് ഇന്‍റീരിയറിൽ. എന്തായാലും തൻ്റെ വീട് കാഴ്ച്ചക്കാർക്ക് ആസ്വാദനത്തിന് വക നൽകുന്നതിൽ ഉടമസ്ഥൻ ഹാപ്പിയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: