കോട്ടയം: പാമ്പിന്‍റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണമായി സുഖം പ്രാപിക്കുന്നു. ശരീരത്തിൽ നിന്നും വിഷം പൂർണമായി ഇറങ്ങിയെന്നും വെന്‍റിലേറ്ററിൽ കിടന്നതിന്‍റെ ക്ഷീണം മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ഡോക്‌ടർമാർ അറിയിച്ചു.
പാമ്പിന്‍റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് സുരേഷിന് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണ ഗതിയിൽ ഭക്ഷണം കഴിക്കുന്നുണ്ട്.
ഡോക്റ്റർമാരുടെ ചോദ്യത്തിന് സുരേഷ് കൃത്യമായി മറുപടി നൽകിയത് തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലായതിന്‍റെ സൂചനയായാണ് കണക്കാക്കുന്നത്.
ഓർമ്മശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു. ഡോക്റ്റർമാർ പേര് ചോദിച്ചപ്പോൾ ഞാൻ സുരേഷ്, വാവ സുരേഷ് എന്ന് മറുപടി നൽകിയിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് സുരേഷിനെ ഇന്നലെ എഐസിയുവിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയിരുന്നു.
കോട്ടയം കുറിച്ചിയിൽ വച്ചാണ് മൂർഖന്‍റെ കടിയേറ്റത്. തിങ്കളാഴ്ച്ചയാണ് സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: