അഞ്ചാലുംമൂട്: പഠിക്കാനായി പുലർച്ചെ ഉറക്കം എഴുന്നേറ്റ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമൺ മുണ്ടയ്ക്കൽ സണ്ണി ഭവനിൽ എഡിസൺ ജോണിന്‍റെ മകൾ ഹന്നാ എഡിസനെ (15) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറിന് ശേഷമാണു സംഭവം.
അലാറം വച്ച് പുലർച്ചെ ഉണർന്ന ഹന്നാ വീട്ടിലെ ഹാളിൽ ഇരുന്ന് പഠിക്കുകയായിരുന്നു. വീട്ടുകാർ ഉണർന്നെത്തിയപ്പോൾ ഹന്നയെ വീടിനുള്ളിൽ കണ്ടില്ല. തുടർന്ന് പിന്നിലെ വാതിൽ തുറന്ന് നോക്കുമ്പോൾ സമീപത്തെ തെങ്ങിൻ ചുവട്ടിൽ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണച്ചെങ്കിലും ദേഹമാസകലം പൊള്ളലേറ്റ ഹന്നാ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അഞ്ചാലുംമൂട് പൊലീസിന്‍റെ നേതൃത്വത്തിൽ തഹസിൽദാർ വിപിൻകുമാർ, എസിപിജിഡി വിജയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സയൻറ്റിഫിക്ക് അധികൃതരുമെത്തി പരിശോധന നടത്തിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ദുരൂഹതകൾ കണ്ടെത്തിയിട്ടില്ല.
അടുക്കളയിലെ കുപ്പിയിൽ ഇരുന്ന മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പത്താം ക്ലാസ് വിദ്യാർഥിനിയായ ഹന്നയ്ക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞതുമായ ബന്ധപ്പെട്ട മാനസിക സംഘർഷമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ അടക്കമുള്ളവ പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അഞ്ചാലുമൂട് എസ്എച്ച്ഒ സി.ദേവരാജൻ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അമ്മ: ഹേമ. സഹോദരി: ഹനന്യ ജോൺ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: