കോഴിക്കോട്: പരിശീലനമില്ലാതെ പാമ്പിനെ പിടിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ വനംവകുപ്പ്. വന്യജീവിസംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണ്. ഇതിനു പുറമേ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പാമ്പിനെ പിടിക്കുന്നത് കർശനമായി വിലക്കാൻ വനംവകുപ്പ് നീക്കം തുടങ്ങി.
പലപ്പോഴും നിബന്ധന പാലിക്കാതെ നാട്ടുകാരുടെ മുന്നിൽ പാമ്പിനെ വച്ച് പ്രദർശനം നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്. വനംവകുപ്പ് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകിയവർ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. 2020-ൽ 1600 പേരെ പരിശീലിപ്പിച്ചതിൽ 928 പേർക്ക് സർട്ടിഫിക്കറ്റ് നൽകി. അഞ്ചു വർഷമാണ് ലൈസൻസ് കാലാവധിയെങ്കിലും ഇതിനിടയിൽ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാൽ ലൈസൻസ് റദ്ദാക്കും.
വാവ സുരേഷ് വനംവകുപ്പ് നൽകിയ പരിശീലനത്തിൽ പങ്കെടുക്കുകയോ സർട്ടിഫിക്കറ്റ് നേടുകയോ ചെയ്‌തിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും സഹായധനവും നൽകാൻ വനംവകുപ്പ് തയ്യാറായിട്ടുണ്ട്. വാവ സുരേഷിനെ പോലുള്ളവർ അടിയന്തരമായി പരിശീലന പദ്ധതിയിൽ ചേർന്ന് സർട്ടിഫിക്കറ്റ് നേടണം എന്ന് വനംവകുപ്പ് കർശനമായി നിർദ്ദേശിക്കും.
സ്വന്തം നിലയിൽ പാമ്പുകളെ പിടികൂടിയതിന്‍റെ പരിചയമുണ്ടെങ്കിലും ശാസ്ത്രീയ പരിശീലനം ഇല്ലാത്തതാണ് പാമ്പുകടിയേൽക്കാൻ കാരണം എന്ന് തിരുവനന്തപുരം അരിപ്പയിൽ വനം ട്രെയിനിങ് ഇൻസ്റ്റിട്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും പാമ്പു പിടിത്തം പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ സംസ്ഥാന നോഡൽ ഓഫീസറുമായ വൈ.മുഹമ്മദ് അൻവർ പറയുന്നു.
അനുമതിയില്ലാതെ പാമ്പിനെ പിടിക്കുന്നത് കുറ്റകൃത്യം
വനംവകുപ്പിന്റെ സർട്ടിഫിക്കറ്റില്ലാത്തവർ പാമ്പിനെ പിടിക്കുന്നത് വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകൃത്യമാണ്. പാമ്പിനെ പിടിക്കുന്നവർ മൂന്ന് സുരക്ഷാമാനദണ്ഡം ഉറപ്പു വരുത്തണം. പാമ്പിനെ പിടിക്കുന്ന ആൾ എല്ലാ സുരക്ഷാ മുൻ കരുതലുകളും പാലിക്കണം.
പാമ്പിന് ഒരു അപകടവും സംഭവിക്കാൻ പാടില്ല. പൈപ്പ് ഉപയോഗിച്ച് കൃത്രിമ മാളം സൃഷ്ടിച്ച് അത് വഴി പാമ്പിനെ കടത്തി വിട്ട് ബാഗിലാക്കുകയാണ് ശാസ്ത്രീയ രീതി. 30 സെക്കൻഡ് മുതൽ ഒരു മിനിറ്റിനുള്ളിൽ പാമ്പിനെ ബാഗിലാക്കണം. പാമ്പിനെ തല കീഴായി തൂക്കിയിട്ട് പ്രദർശിപ്പിക്കരുത്. തൂക്കിയിട്ടാൽ പാമ്പിന്‍റെ നട്ടെല്ലിന് വേഗം പരിക്കുപറ്റാനിടയുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: