ഇടുക്കി: ജോലിക്കായി താമസിച്ചിരുന്ന വാടക വീട്ടിൽ മേസ്‌തിരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുമളി എട്ടാം മൈൽ കടശിക്കടവ് സ്വദേശി മണി വരദരാജനാണ് (40) കൊല്ലപ്പെട്ടത്. ശാന്തൻപാറ ചൂണ്ടലിലെ വാടക വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന എട്ടാംമൈൽ ലക്ഷ്‌മി ഇല്ലത്തിൽ പ്രകാശ് (42) ഒളിവിലാണ്. പ്രകാശാണോ കൊല നടത്തിയതെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൂണ്ടൽ സ്വദേശിയായ കാളിയപ്പൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കൊല്ലപ്പെട്ട മണിയും പ്രകാശും താമസിച്ചിരുന്നത്. ഇരുവരും ചൂണ്ടൽ പച്ചക്കാടൻ എസ്‌റ്റേറ്റിൽ മേസ്തിരി ജോലി ചെയ്യാൻ എത്തിയവരായിരുന്നു. കനത്ത മഴ നിമിത്തം മേസ്തിരി ജോലികൾ നിർത്തിവച്ചതിനാൽ വാടക വീട്ടിൽ താമസിച്ച് പ്രദേശത്തെ ഏലക്കാടുകളിലെ തണൽ മരങ്ങളുടെ കൊമ്പ് ഇറക്കി തണൽ ക്രമീകരിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു.
ഞായറാഴ്ച വൈകിട്ട് ഇവരെ രണ്ടു പേരെയും കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച്ചരാവിലെ ഒൻപതോടെ കെട്ടിട ഉടമ എത്തിയപ്പോൾ മുറിക്കുള്ളിൽ മണി വരദരാജനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടമ ഉടൻ തന്നെ ശാന്തൻപാറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രകാശിനെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തിൽ കൃത്യതയുണ്ടാകു എന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: