കൊച്ചി: അന്തരിച്ച നടൻ റിസ ബാവയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ഇതിനാൽ പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മൃതദേഹം നാളെ സംസ്കരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച്ച വൈകിട്ടാണ് റിസബാവയുടെ മരണം സംഭവിക്കുന്നത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് എത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചു. എന്നാൽ ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്‌ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു. സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷത്തിലൂടെയാണ് റിസ ബാവ മലയാളികളുടെ ശ്രദ്ധ നേടുന്നത്. ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു.
അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയാണ് അവസാനമായി വേഷമിട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: