ഇടുക്കി: അടിമാലിയിൽ യുവാവിനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയും. ചൊവ്വാഴ്ച്ച നടന്ന ക്രൂരമായ സംഭവത്തെ തുടർന്ന് ഇന്ന് പൊലീസ് ആക്രമണം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടിമാലി സ്വദേശി ഷീബയാണ് (35) അറസ്റ്റിലായത്. യുവതിയുമായി അടുപ്പത്തിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണാണ് ആക്രമിക്കപ്പെട്ടത്. ആസിഡ് ആക്രമണത്തിൽ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച്ച ശക്തി നഷ്‌ടമായിട്ടുണ്ട്.
ഭർത്താവും രണ്ടുകുട്ടികളുമുള്ള ഷീബ സമൂഹ മാധ്യമം വഴിയാണ് അരുണുമായി അടുപ്പത്തിലായത്. ഷീബ കുറച്ചു കാലം തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ജോലി ചെയ്‌തിരുന്നു. ഈ സമയത്താണ് സമൂഹ മാധ്യമത്തിലെ സുഹൃത്തിനെ നേരിൽ പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. പിന്നീട് ജോലി ഉപേക്ഷിച്ച് യുവതി ഇടുക്കിയിലേക്ക് തിരിച്ചു വന്നു. ഈ സമയത്താണ് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അരുൺ അറിയുന്നത്. ഇതോടെ അരുൺ ബന്ധത്തിൽ നിന്നും പിൻമാറുന്നതായി ഷീബയെ അറിയിച്ചു.
മറ്റൊരു വിവാഹം കഴിക്കാനും അരുൺ തീരുമാനമെടുത്തിരുന്നു. ഇതറിഞ്ഞ ഷീബ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അരുണിനെ പലവട്ടം സമീപിച്ചിരുന്നു. എന്നാൽ സാധിക്കില്ലെന്ന് തീർത്ത് പറഞ്ഞതോടെ തനിക്ക് രണ്ട് ലക്ഷം രൂപ വേണമെന്നായി ആവശ്യം. ഇതിനും സമ്മതിക്കാതെ വന്നതോടെ ഇക്കാര്യം സംസാരിക്കാനായി അരുണിനെ ഇടുക്കിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ 10.20ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് സമീപം യുവാവിനോട് എത്താൻ പറഞ്ഞ ശേഷം മറഞ്ഞിരുന്ന ഷീബ പിന്നിലൂടെയെത്തി അരുണിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ അരുണിന്‍റെ മുഖം മുഴുവനായി പൊള്ളിയിട്ടുണ്ട്. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്.
ഇതിനു ശേഷം ഷീബ ഒളിവിൽ പോകുകയായിരുന്നു. റബർ ഉറയൊഴിക്കാനായി ഉപയോഗിക്കുന്ന ആസിഡാണ് ഷീബ ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ യുവാവിനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു. ഒളിവിൽ പോയ യുവതിയെ മുരിക്കാശേരിയിൽ ഭർത്താവിന്‍റെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: