കൊച്ചി: കാറപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ അന്വേഷണം പുതിയ ദിശയിലേക്ക്. അപകടത്തിനു തൊട്ടുമുമ്പ് നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയും ആഫ്റ്റർ പാർട്ടിയും സംബന്ധിച്ച നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരടക്കം മൂന്ന് പേർ മരിച്ച കാറപകടവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ വ്യത്യസ്തതലത്തിലെത്തി നിലൽക്കുന്നത്.
ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. സംഭവ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പ്രമുഖ സംവിധായകനും അടക്കമുള്ളവർ ഇതേ ഹോട്ടലിൽ തങ്ങിയിരുന്നതായും വിവരമുണ്ട്. വിവാദ ഹോട്ടലിൽ ലഹരി പാർട്ടികൾ നടന്നിരുന്നതായി ഇന്‍റലിജൻസ് ബ്യൂറോക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഹോട്ടൽ ഉടമ റോയ് ജോസഫിന്‍റെ അടുപ്പക്കാരാണ് പൊലീസ് ഉന്നതനും സംവിധായകനുമെന്നാണ് വിവരം. പുതിയ ചിത്രത്തിന്‍റെ ചർച്ചകൾക്കായിട്ടാണ് സംവിധായകൻ ഹോട്ടലിൽ എത്തിയതെന്നാണ് വിവരം. മോഡലുകൾക്കൊപ്പമുണ്ടായിരുന്ന ഒരാൾക്ക് സംവിധായകനുമായി അടുപ്പമുണ്ടായിരുന്നു.
ഇവർ തമ്മിൽ പാർട്ടിക്കിടയിൽ എന്തെങ്കിലും സംസാരങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. ഹോട്ടൽ ഉടമ യുവതികൾ അടക്കമുള്ളവർക്ക് മദ്യവും മയക്കുമരുന്നും നൽകിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെയും സംവിധായകന്‍റെയും സാനിധ്യം മറച്ചു വക്കാനും മദ്യ വിതരണം മറച്ചു വക്കാനുമാണ് സിസി ടിവി ദൃശ്യങ്ങൾ നശിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോട്ടലിൽ നിന്നും ഡിവിആർ മാറ്റിയ ശേഷം കമ്പ്യൂട്ടറിന്‍റെ ഹാർഡ് ഡിസ്‌ക് സ്ഥാപിക്കുകയും ചെയ്‌തിരുന്നു.
ഹോട്ടലിൽ നടന്ന പാർട്ടിക്കിടെ മോഡലുകളെ ദുരുദേശത്തോടെ എന്തെങ്കിലും കാര്യത്തിനു പ്രേരിപ്പിച്ചോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതിനായിട്ടാണോ ഇവർക്ക് ഉടമ തന്നെ നേരിട്ട് മദ്യം നൽകിയിരുന്നതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇക്കാര്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരിക്കണം മോഡുകൾ പാർട്ടി വിട്ട് കാറിൽ അമിത വേഗത്തിൽ വീട്ടിലേക്ക് മടങ്ങിയെന്നാണ് അനുമാനം.
ഈ സമയത്ത് ഇവരെ കാറിൽ പിന്തുടർന്നതോടെ അപകടം സംഭവിക്കുകയായിരുന്നുവെന്നും കരുതുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ തെളിവുകളോ സാക്ഷി മൊഴികളോ ലഭിക്കാത്തതാണ് അന്വേഷണ സംഘത്തിനു വിനയാകുന്നത്. പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം മാറുമ്പോൾ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ ഹോട്ടലിലെ ദുരൂഹത നീക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പ്രസിഡന്‍റിന്‍റെ രാജി സെക്രട്ടറി തള്ളി
ഇടുക്കി: അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ അവധിയെടുത്ത് മുങ്ങിയ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് ദൂതൻ മുഖേന അയച്ച രാജിക്കത്ത് സെക്രട്ടറി തള്ളി. പാർട്ടി അറിയാതെ നടത്തിയ രാജി നാടകം വിവാദമായതിനു പിന്നാലെ പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ സി.പി.ഐയിൽ നിന്നും രാജിവച്ചു. ജില്ലാ സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നിവർക്കാണ് വെവ്വേറെ രാജിക്കത്ത് നൽകിയത്.
കഴിഞ്ഞ ദിവസമാണ് മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് സ്ഥാനം രാജിവക്കുന്നതായി ദൂതൻ മുഖേന സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചത്. എന്നാൽ നേരിട്ടോ, ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രജിസ്റ്റേർഡ് തപാലിലോ വേണം രാജിക്കത്തു നൽകാൻ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കത്ത് സെക്രട്ടറി തള്ളി. അതേസമയം വാർത്ത പുറത്തു വന്നതോടെ എൽ.ഡി.എഫിലും സി.പി.ഐയിലും വിവാദം ഉടലെടുത്തിരുന്നു. പാർട്ടിയോ മുന്നണിയോ അറിയാതെയായിരുന്നു മിനിമോൾ നന്ദുമാറിന്‍റെ രാജി തീരുമാനം.
ഇത് വിവാദമായതോടെയാണ് ഇന്ന് മിനിമോൾ നന്ദകുമാർ പാർട്ടി അംഗത്വവും രാജിവച്ചത്. രാജി കത്തിൽ മെമ്പർ സ്ഥാനം രാജിവയ്ക്കുന്നതായി പരാമാർശമില്ല. കഴിഞ്ഞ 12ന് ആരോഗ്യപരമായ കാരണം പറഞ്ഞ് പ്രസിഡന്‍റ് 15 ദിവസം അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ദൂതൻ വഴി പ്രസിഡന്‍റ് പദം രാജി വച്ച് കത്തു നൽകുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി, പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ഭരണ സമിതിയിലും, പാർട്ടിയിലും, എൽ.ഡി.എഫ് - ലും അഭിപ്രായ ഭിന്നതയുണ്ട്. ഇതാണ് നിലവിലെ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അവധിയിൽ പ്രവേശിച്ച ശേഷം പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ എവിടെയാണ് എന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് പുറത്തു വരുന്നത്. രാജി വിവരം അറിഞ്ഞയുടൻ മണ്ഡലം സെക്രട്ടറി വി.ആർ. ശശി, ലോക്കൽ സെക്രട്ടറി കെ.ജെ. ജോസഫ് , പഞ്ചായത്തംഗം മനു .കെ. ജോൺ എന്നിവർ പഞ്ചായത്ത് ഓഫീസിൽ എത്തി. രാജി വിവാദമായതോടെ സി.പി.ഐയുടെ ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന അടിയന്തിര ലോക്കൽ കമ്മറ്റി വെള്ളിയാഴ്ച ചേരുന്നുണ്ട്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോമോൻവെട്ടിക്കാലായ്ക്കാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല.
Post A Comment: