കോട്ടയം: ഭർതൃവീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. പാല തോടനാൽ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യ (28) ആണ് മരിച്ചത്. തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയെന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.
നാല് വർഷം മുമ്പാണ് ഇടുക്കി ഏലപ്പാറ ചിന്നാർ സ്വദേശിനിയായ ദൃശ്യയും രാജേഷും തമ്മിൽ വിവാഹിതരായത്. ഇവർക്ക് കുട്ടികളില്ല. യുവതി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷിന്‍റെ വീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ മടങ്ങി വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച്ച ഒറ്റക്കാണ് ദൃശ്യ എത്തിയത്. തുടർന്ന് ഭർതൃവീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ അന്നു തന്നെ വിളിച്ചു വരുത്തുകയും സമൂഹ മാധ്യമം ഉപയോഗിക്കുന്നതിൽ പരാതി പറയുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ ദൃശ്യയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് അയൽ വീട്ടിലെ കിണറ്റിൽ ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് സഹോദരൻ മണി അടക്കമുള്ള വീട്ടുകാർ. പൊലീസ്, ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: