ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്‌പിൽവെ ഷട്ടറുകളിൽ മൂന്നെണ്ണം തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെൻറ്റി മീറ്റർ വീതം ഉയർത്തി 534 ഘനയടി വീതം വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രണ്ട് മണിക്കൂറിന് ശേഷം അളവ് 1000 ഘനയടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. എന്നാൽ ജലനിരപ്പ് കുറയുകയാണെങ്കിൽ ഈ തീരുമാനം പുനഃപരിശോധിക്കും.
നേരത്തെ 11.30നു ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നു കഴിഞ്ഞതോടെയാണ് ഷട്ടർ തുറന്നത്.
ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ പറഞ്ഞു. അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിലെ നീരൊഴുക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാൽ മുല്ലപ്പെരിയാർ തുറക്കുന്നതോടെ പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നേക്കും.
മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫിന്‍റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴുപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ആറ് മാസം പ്രായമുള്ള കുഞ്ഞുമായി കാർ ഒഴുക്കിൽപെട്ടു
കോട്ടയം: ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്‌ത കാർ വഴി തെറ്റി ഒഴുക്കിൽപെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ള കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11ഓടെ തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും തിരുവല്ലയിലേക്ക് യാത്ര ചെയ്‌ത കുമ്പനാട് സ്വദേശികളായ ഡോ. സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഒഴുക്കിൽപെട്ട കാർ നാട്ടുകാർ പിടിച്ചു കെട്ടിയതാണ് വലിയ അപകടത്തിൽ നിന്നും രക്ഷയായത്. രാത്രി വൈകിയാണ് കുടുംബം എറണാകുളത്ത് നിന്നും യാത്ര തിരിച്ചത്. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയായിരുന്നു യാത്ര. ഇതിനിടെ തിരുവാതുക്കൽ നിന്നും വഴിതെറ്റിയാണ് കാർ പാറേച്ചാലിൽ എത്തിയത്. തിരുവാതുക്കൽ- നാട്ടകം സിമന്‍റുകവല ബൈപ്പാസിലൂടെ പാറേച്ചാൽ ബോട്ടു ജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. ഈ ഭാഗത്ത് റോഡിൽ ഉൾപ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു.
പാറേച്ചാൽ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോൾ കൈത്തോട്ടിലേക്ക് പതിച്ച കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശങ്ങളിലെ ചില്ലിൽ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്‌തു. ഇത് കേട്ട നാട്ടുകാരായ സത്യൻ, വിഷ്‌ണു എന്നിവരാണ് ആദ്യം ഓടിയെത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനു സമീപത്തെത്തി വെള്ളത്തിലേക്ക് ചാടി.
300 മീറ്ററോളം ഒഴുകി നീങ്ങിയ കാർ കരയിലേക്ക് തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും മുൻ ഭാഗം ചെളിയിൽ തറഞ്ഞു. ഇതോടെ നാട്ടുകാർ കയറിട്ടു കാർ സമീപത്തെ വൈദ്യുത തൂണിൽ ബന്ധിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ആദ്യം പുറത്തെത്തിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല.
Post A Comment: