പാറ്റ്‌ന: റോയൽ എൻഫീൽഡിൽ കാമുകിയെ പെട്രൊൾ ടാങ്കിൽ അഭിമുഖമായിരുത്തി റോഡിലൂടെ അഭ്യാസം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. റോയൽ എൻഫീൽഡിൽ ബൈക്കിലാണ് കമിതാക്കൾ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി സ്നേഹ പ്രകടനം നടത്തിയത്.
പെട്രൊൾ ടാങ്കിൽ ഇരുന്നുള്ള സ്ത്രീയുടെ യാത്ര ഗതാഗത നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് കാട്ടി നാട്ടുകാർ ബൈക്ക് തടയുകയായിരുന്നു. ബൈക്കിനൊപ്പം സഞ്ചരിച്ച ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വലിയ അപകട സാധ്യതയുള്ള തരത്തിലാണ് ഇരുവരും ബൈക്കിൽ യാത്ര ചെയ്‌തത്.
അതേസമയം നാട്ടുകാരുടെ സദാരാച പൊലീസിങ്ങിനെ കുറ്റപ്പെടുത്തിയും പലരും രംഗത്തെത്തിയിട്ടുണ്ട്. സംഭവം പൊലീസിൽ അറിയിക്കുന്നതിനു പകരം മൊബൈലിൽ ചിത്രീകരിച്ച് അവരെ അപമാനിച്ചത് ശരിയായില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്.
വീഡിയോ ചിത്രീകരിച്ചതിനെ പിന്നീട് ബൈക്കിലിരുന്ന് സ്ത്രീ ചോദ്യം ചെയ്യുന്നുമുണ്ട്. പൊലീസിനെ വിളിക്കും എന്ന് പറഞ്ഞതോടെ പൊലീസിനെ വിളിക്കരുത് എന്നും ഇനി ഈ സ്ഥലത്തേക്ക് വരില്ലെന്നും അപേക്ഷിച്ച് ഇരുവരും മടങ്ങിയെന്നാണ് റിപ്പോർട്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: