ഇടുക്കി: ജനവാസ മേഖലയായ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഇടപ്പൂക്കുളത്ത് വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലിയെ കണ്ടെന്ന വാർത്ത പരന്നത്. ഇടപ്പൂക്കളം ക്ഷേത്രത്തിലെ ശാന്തി രാത്രി 10.30 ഓടെ വീട്ടിലേക്ക് മടങ്ങും വഴി റോഡിൽ രണ്ട് പുലികൾ നിൽക്കുന്നത് കണ്ടെന്നാണ് പറയുന്നത്. കാറിന്‍റെ വെട്ടത്തിലാണ് ശാന്തി പുലിയെ കണ്ടത്.
വെളിച്ചമടിച്ചപ്പോൾ സമീപത്തെ കാപ്പികാട്ടിലേക്ക് പുലി ഓടി മറഞ്ഞാതായും അദ്ദേഹം പറയുന്നു. ഈ സ്ഥലത്തിന് ഒരു കിലോമീറ്റർ മാറി പുലിയുടെ ചീറ്റൽ കേൾക്കാനിടയായതാണ് രണ്ടാമത്തെ സംഭവം. ഈ സമയം സമീപത്തെ വീടുകളിലെ വളർത്തുനായ്ക്കൾ കുരച്ച് ബഹളം ഉണ്ടാക്കി. ഇതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവർ ഭയാശങ്കയിലുമായി. പുലിയുടെ ശല്യം നിരന്തരമുണ്ടായതോടെ ജനങ്ങൾ വിവരം പഞ്ചായത്തംഗത്തെ അറിയിച്ചു.
തുടർന്ന് കാഞ്ചിയാർ, കുമളി ഫോറസ്റ്റ് റെയിഞ്ചാഫീസർമാർ വിവരം അറിയുകയും കുമളിയിൽ നിന്ന് ഡെപ്യൂട്ടി റെയിഞ്ചാഫീസർ ബി. ബെന്നിയുടേയും കാഞ്ചിയാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനീഷ്, ബിനു, സന്തോഷ് എന്നിവരുടെയും നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി.
പ്രദേശത്തെ ഏലക്കാട്ടിലും, കാപ്പി ക്കാട്ടിലും, സ്വകാര്യ വ്യക്തികളുടെ പുരയിടത്തും പരിശോധന നടത്തിയെങ്കിലും കാൽപ്പാടുകൾ ഒന്നും കണ്ടത്താനായില്ല. പുരയിടത്തിലും, കാപ്പി - ഏലം കാടുകളിലും പാഴ്ച്ചെടികൾ വളർന്ന് നിൽക്കുന്നതിനാൽ കാൽപ്പാടുകൾ പതിയില്ലന്നാണ് നിഗമനം. ചീറ്റൽ കേട്ട ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പാഴ്ച്ചെടികൾ ഒടിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. ഇത് ഏതോ വന്യമ്യഗമെത്തിയതിന്‍റെ ലക്ഷണമാണന്ന് വനപാലകർ വിലയിരുത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: