കൊച്ചി: കർഷകർക്ക് പ്രതീക്ഷ നൽകി കറുത്തപൊന്നിനു വില ഉയരുന്നു. ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതോടെയാണ് കുരുമുളക് വില ഉയർന്നു തുടങ്ങിയത്. ഒരാഴ്ച്ചയ്ക്കിടയിൽ കിലോഗ്രാമിന് 33 രൂപയാണ് ഉയർന്നത്. ചൊവ്വാഴ്ച്ച മാത്രം കിലോഗ്രാമിന് ഒൻപത് രൂപ കൂടി. ഇതോടെ ഗാർബിൾഡ് കുരുമുളകിന് വില 500 രൂപ കടന്നിരിക്കുകയാണ്. 514 രൂപയാണ് ഗാർബിൽഡിന് വില. അൺഗാർബിൾഡ് കുരുമുളകിന്‍റെ വില കിലോഗ്രാമിന് 494 രൂപയിലെത്തി.
മാസങ്ങളായി വില ഉയരാതിരുന്നത് കുരുമുളക് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ആഭ്യന്തര ഉപഭോഗം കൂടുന്നതിനാൽ ഡിമാൻഡ് ക്രമാതീതമായി ഉയർന്നതാണ് കുരുമുളകിന്‍റെ വില ഇപ്പോൾ ഉയരാൻ കാരണമായത്.. 2015 ൽ കിലോഗ്രാമിന് 730 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്‍റെ വില ഓരോ വർഷവും ഇടിയുന്ന സാഹചര്യമായിരുന്നു എങ്കിലും ഇപ്പോൾ വില ഉയർന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. 2013 ൽ 400 രൂപയിൽ എത്തിയ കുരുമുളക് വില പിന്നീട് ഉയർന്നാണ് 730 ൽ എത്തിയത്. അതിനു ശേഷം വേഗത്തിൽ ഇടിഞ്ഞ് 270 രൂപ വരെ താഴ്ന്നു.
മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്‍റെ പ്രധാന ആഭ്യന്തര വിപണികൾ, ദീപാവലിക്ക് ശേഷവും ഡിമാൻഡ് കുറയാത്തത് വില ഇനിയും ഉയരാനുള്ള കാരണമായേക്കും. ഈ സാധ്യത മുന്നിൽ കണ്ട് ചരക്ക് കൈയിലുള്ള കർഷകർ അത് വിൽക്കാതെ സൂക്ഷിക്കുന്നുമുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: