ന്യൂഡെൽഹി: രാജ്യത്തെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കുമ്പോൾ കർഷകർക്ക് നൽകേണ്ടി വന്നത് 750 കർഷകരുടെ ജീവനുകൾ. രാജ്യത്ത് രണ്ടാം ഹരിതവിപ്ലവം കൊണ്ട് വരുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു 2020 സെപ്റ്റംബറിൽ നരേന്ദ്രമോദി സർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്.
എന്നാൽ നിയമങ്ങൾ രാജ്യത്തെ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുമെന്ന് കണ്ടെത്തിയ കർഷകർ ഡൽഹിയിലെ സിംഗു അതിർത്തിയിൽ സമരം ആരംഭിക്കുകയായിരുന്നു. നിയമങ്ങൾക്ക് കർഷകർ അനുകൂലമാണ് എന്നും ഇടനിലക്കാരാണ് സമരം ചെയ്യുന്നതെന്നും ആരോപിച്ച സർക്കാർ ചില ഭേദഗതികൾക്ക് തയ്യാറാണെന്ന പ്രഖ്യാപനം നടത്തിയിരുന്നു.
നിയമഭേദഗതി ചർച്ച ചെയ്യാൻ പതിനൊന്നു തവണയാണ് കേന്ദ്ര സർക്കാർ പ്രതിനിധികൾ സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുമായി കൂടിയാലോചന നടത്തിയത്. ഓരോ ചർച്ചയും പരാജയപ്പെട്ടു. മൂന്ന് നിയമങ്ങളും സ്റ്റേ ചെയ്‌ത സുപ്രീംകോടതി സമരം അവസാനിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും കർഷകർ പിന്മാറിയില്ല. ഡൽഹിയിലെ കൊടും ചൂടിലും തണുപ്പിലും നടന്ന സമരത്തിൽ 750 ഓളം കർഷകർ മരിച്ചു എന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ കണക്കുകൾ പറയുന്നത്. പഞ്ചാബിലെ മാൻസ ജില്ലക്കാരനായ ധന്നാ സിങ് എന്ന 45 കാരനാണ് സമരത്തിലെ ആദ്യ രക്തസാക്ഷി. 2020 ഡിസംബർ 20 വരെ 41 പേരാണ് മരിച്ചത്.
പത്ത് ദിവസത്തിനകം ഒൻപത് പേർ കൂടി മരിച്ചു. 2021 മാർച്ച് അഞ്ചോടെ ഏകദേശം ൨൪൮ കർഷകർ മരിച്ചെന്നാണ് കണക്ക്. കാർഷിക നിയമങ്ങൾ കർഷകരെ തകർക്കും എന്ന് ചൂണ്ടിക്കാട്ടി നിരവധി കർഷകർ ആത്മഹത്യ ചെയ്‌തു പ്രതിഷേധിച്ചിരുന്നു. കർഷക സമരം ആരംഭിച്ച ശേഷം രാജ്യത്ത് കർഷകർക്കെതിരെ റജിസ്റ്റർ ചെയ്‌ത കേസുകൾ 40 ശതമാനത്തിൽ അധികം വർധിച്ചു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2020 ൽ മാത്രം 2188 കേസുകളാണ് കർഷക സമരവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്‌തത്. കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് അധികം കേസുകളും രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഉത്തർപ്രദേശിലെ ലിഖിമ്പൂർ ഖേരിയിൽ സമരം ചെയ്യുന്ന കർഷകരുടെ മേൽ കേന്ദ്രമന്ത്രി അജിത് മിശ്രയുടെ മകനും സംഘവും കാർ ഇടിച്ചു കയറ്റിയിരുന്നു. നാലു കർഷകരാണ് ഈ സംഭവത്തിൽ മരിച്ചത്. ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. ഈ സംഭവത്തിലും കർഷകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ മകന്‍റെ കൂടെയുണ്ടായിരുന്ന മൂന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടതിനാണ് കർഷകർക്കെതിരെ കേസ്. കർഷക സമരവുമായി ബന്ധപ്പെട്ട് ബീഹാറിൽ മാത്രം കർഷകർക്കെതിരെ 1286 കേസുകളാണ് 2020 ൽ രജിസ്റ്റർ ചെയ്‌തത്. മഹാരാഷ്ട്രയിൽ 279 ഉം കർണാടകയിൽ 148 ഉം കേസുകൾ രജിസ്റ്റർ ചെയ്‌തു. കേസിൽ പ്രതിയാക്കപ്പെട്ടവരിൽ 3000 പേരും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. 2500 പേർ 30 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്.
കർഷക സമരത്തിന് തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശിയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. കർഷക സമരത്തിൽ പങ്കെടുത്ത 16 പേർക്കാണ് എൻഐഎ നോടീസ് നൽകിയത്. കർഷക സമര നേതാവായ ബൽദേവ് സിങ് സിസ്ര, പഞ്ചാബി നടൻ ദീപ് സിന്ധു, മാധ്യമപ്രവർത്തകനായ ജസ്ബീർ സിങ്, ആക്ടീവിസ്റ്റായ ഗുർപ്രീത് സിങ് തുടങ്ങിയവർക്കാണ് നോടീസ് നൽകിയത്. ചിലരെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. പക്ഷെ, കർഷകർക്കെതിരെ എൻഐഎ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കേന്ദ്രകൃഷി മന്ത്രി അവകാശപ്പെട്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: