ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ വീണ്ടും ശക്തമായ മഴ. ശനിയാഴ്ച്ച രാവിലെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്ത് തെളിച്ചം ഉണ്ടായിരുന്നെങ്കിലും പകൽ 11 ഓടെ മഴ തുടങ്ങുകയായിരുന്നു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കുമെന്നും പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ഇന്നു രാവിലെ മഴ മാറി നിന്നതോടെ ഇതിന്‍റെ ആവശ്യം വരില്ലെന്നായിരുന്നു വിലയിരുത്തൽ. ഇപ്പോൾ മഴ ശക്തമായി തുടങ്ങിയതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വൈകിട്ടോടെ വർധിക്കാൻ ഇടയാക്കിയേക്കും.
ഇന്ന് രാവിലെ 10ന് അണക്കെട്ടിലെ ജലനിരപ്പ് 2398.48 അടിയിലെത്തി. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. നിലവിൽ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് കുതിച്ചുയരുകയാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതോടെയാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയത്. ഇന്ന് രാവിലെ 10ന് 139.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മഴ ശക്തമായതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുമോയെന്ന ഭീതി ഉയരുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: