ഇടുക്കി: ആനയെ കാണാൻ പോയതിനു അധ്യാപകൻ വഴക്കു പറഞ്ഞതോടെ നാടു വിട്ട വിദ്യാർഥികളെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കരിമണ്ണൂരിൽ നിന്നാണ് കുട്ടികൾ നാടുവിട്ടത്. തൊമ്മൻകുത്ത് സ്വദേശികളായ 14 വയസുകാരാണ് നാടു വിട്ടത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി. ഇക്കാര്യം അറിഞ്ഞ അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് കുട്ടികളോട് പറഞ്ഞു. ഇതോടെ കുട്ടികൾ പരിഭ്രാന്തരായി കൂട്ടുകാരന്‍റെ വീട്ടിൽ ബാഗ് ഏൽപ്പിച്ച് മുങ്ങുകയായിരുന്നു.
ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി നൽകിയ മൊബൈൽ ഫോൺ കുട്ടികളിൽ ഒരാളുടെ കൈവശമുണ്ടായിരുന്നു. സ്കൂളിൽ പോകാതെ ആനയെ കാണാൻ പോയ വിവരം വീട്ടിലറിഞ്ഞാൽ അഛൻ തല്ലുമെന്നും അതിനാൽ ഞങ്ങൾ നാടുവിടുകയാണെന്നുമാണ് ഈ മൊബൈലിൽ നിന്നും കുട്ടി സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ഇതോടെപ്പം സുഹൃത്തിന്‍റെ വീട്ടിൽ എൽപ്പിച്ച നോട്ടുബുക്കിൽ കത്തും എഴുതി വെച്ചിരുന്നു.
കുട്ടികളെ കാണാതായതോടെ വീട്ടുകാരും അധ്യാപകരും ഭയന്നു. കാര്യമറിഞ്ഞതോടെ പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിൽ തുടങ്ങി. ഇന്നലെ ഒരു ദിവസം തിരഞ്ഞിട്ടും കുട്ടികളെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ കോതമംഗലത്തിനടുത്ത് കോടനാട് വെച്ചാണ് ഇന്ന് കുട്ടികളെ കണ്ടെത്തിയത്. ഇരുവരുംഇപ്പോള്‍ കോടനാട് പൊലീസ് സ്റ്റേഷനിലാണുള്ളത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക്
കുമളി: പുലർച്ചെ വരെ പെയ്‌ത ശക്തമായ മഴയിൽ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിൽ വൻ വർധനവ്. ഇതോടെ ഇന്നലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്ന് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കി തുടങ്ങി. രാവിലെ എട്ടോടെയാണ് മൂന്നു ഷട്ടറുകൾ കൂടി അധികമായി തുറന്നത്. എന്നാൽ ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ 12 മുതൽ കൂടുതൽ ഷട്ടറുകൾ തുറക്കുകയായിരുന്നു. ഇതോടെ ആകെ 3981 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 11 മണിക്ക് 138.95 ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 5291 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽപെയ്‌ത അതിശക്തമായ മഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. പെരിയാർ തീര പ്രദേശത്തും മഴ ശക്തമായിരുന്നതിനാൽ നദിയിൽ നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ പെരിയാറിന്‍റെ താണ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അധിക ജലം ഒഴുക്കി വിടാൻ തുടങ്ങിയ 12നു ശേഷം ജനവാസ മേഖലയായ വള്ളക്കടവ്, വണ്ടിപ്പെരിയാർ പ്രദേശത്തേക്ക് വെള്ളം എത്തിത്തുടങ്ങിയിട്ടില്ല. ഇവിടേക്ക് വെള്ളം എത്തിയാൽ മാത്രമേ ജലനിരപ്പിന്‍റെ തോത് അറിയാൻ കഴിയു. അതേസമയം പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കുളിക്കാനോ, തുണി അലക്കാനോ പുഴയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Post A Comment: