സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധ ശിക്ഷ അപ്പീൽ കോടതി ശരിവച്ചു. മേൽകോടതിയിൽ അപ്പീൽ നൽകാൻ അവസരം ഉണ്ടെങ്കിലും വിധിയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിയമ വൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഇതോടെ നിമിഷയെ ഇനി കാത്തിരിക്കുന്നത് തൂക്കുകയറാണ്.
2017 ജൂലൈ 25ന് യെമൻ പൗരനായ തലാൽ അബ്‌ദുൾ മഹ്‌ദി കൊല്ലപ്പെടുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് വാട്ടർ ടാങ്കിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നൂറുകണക്കിനു കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. മയക്കുമരുന്നു കൊടുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി വാട്ടർ ടാങ്കിലാക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അതേസമയം യെമൻ സ്വദേശിയുമായുണ്ടായ ബന്ധമാണ് നിമിഷ പ്രിയയുടെ ജീവിതം മാറ്റി മറിച്ചത്. തൊടുപുഴ സ്വദേശിയായ യുവാവുമായി ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് നിമിഷ 2011 ജൂൺ 12 ന് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സാമ്പത്തിക കാര്യങ്ങൾ സെറ്റിലാക്കാൻ ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി.
ഒരു കുഞ്ഞും പിറന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ യെമനിൽ സ്വന്തമായി ഒരു ക്ലിനിക് ഇടുകയെന്ന ആശയത്തിലായിരുന്നു നിമിഷയും ഭർത്താവും. ഇതിന് ലൈസൻസ് ലഭിക്കുന്നതിനായി യെമൻ പൗരന്‍റെ സഹായം വേണമെന്ന സ്ഥിതി വന്നതോടെയാണ് കൊല്ലപ്പെട്ട തലാൽ അബ്‌ദുൾ മഹ്‌ദിയുമായി ഇവർ അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് ഈ ബന്ധം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ക്ലിനിക് തുടങ്ങാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും നാട്ടിലേക്ക് മടങ്ങിവന്ന നിമിഷയുടെ ഭർത്താവിനും കുഞ്ഞിനും തിരികെ പോകാൻ സാധിച്ചില്ല. യെമനിൽ യുദ്ധ പ്രഖ്യാപനം ഉണ്ടായതോടെ വിസക്ക് അനുമതി നിഷേധിച്ചതാണ് തിരിച്ചടിയായത്. ഇതിനിടെ 2015ൽ നിമിഷ യെമനിൽ ക്ലിനിക് തുടങ്ങി. തലാൽ അബ്‌ദുൾ മഹ്‌ദിയുടെ സഹായമില്ലാതെയാണ് നിമിഷ ക്ലിനിക് തുടങ്ങിയതെന്നാണ് നിമിഷയുടെ ഭർത്താവ് പറയുന്നത്.
എന്നാൽ ക്ലിനിക് ലാഭത്തിലായതോടെ തലാൽ അബ്‌ദുൾ മഹ്‌ദി ഇതിന്‍റെ ലാഭ വിഹിതം ചോദിച്ച് നിമിഷയെ ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. ക്ലിനിക്കിലേക്ക് വസ്തുക്കൾ വാങ്ങാനും മറ്റ് പല ആവശ്യങ്ങൾക്കും നിമിഷ ഇയാളുടെ സഹായം തേടിയിരുന്നു. ഈ ബന്ധമാണ് ഇയാൾ മുതലെടുത്തത്. ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും ഇയാൾ കൈക്കലാക്കിയെന്നും നിമിഷ പറയുന്നു. തലാൽ അബ്‌ദുൾ മഹ്‌ദിയുമായി നിമിഷയുടെ ബന്ധം വഷളായതോടെ ഭർത്താവ് നിമിഷയുമായി അകലം സൂക്ഷിച്ചിരുന്നതായും വിവരമുണ്ട്.
ഇതിനോടകം തലാൽ അബ്‌ദുൾ മഹ്‌ദി നിമിഷയെ പണത്തിനു വേണ്ടിയും സ്വകാര്യ ആവശ്യത്തിനു വേണ്ടിയും നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. നിമിഷയെ വിവാഹം കഴിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റും ഇയാൾ ഉണ്ടാക്കിയതായി വിവരമുണ്ട്. ഇതിനിടെ നിമിഷയ്ക്കൊപ്പം നാട്ടിലെത്തിയ തലാൽ അബ്‌ദുൾ മഹ്‌ദി തൊടുപുഴയിൽ ഭർത്താവിന്‍റെ വീട്ടിൽ അടക്കം സന്ദർശനം നടത്തിയിരുന്നു. ഈ വരവിൽ നിമിഷ തന്‍റെ ഭാര്യയാണെന്ന് ഇയാൾ വീട്ടുകാരോട് പറഞ്ഞു. ഇത് ചോദ്യം ചെയ്‌തതുമുതലാണ് ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തത്.
തിരികെ യെമനിലെത്തിയതോടെ നിമിഷയുടെ പാസ് പോർട്ട് അടക്കം കൈക്കലാക്കിയ ഇയാൾ ക്രൂരമായ പീഡനങ്ങൾ തുടർന്നു. സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിനു വരെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നതായും നിമിഷ പറയുന്നു. ഓടിപോകാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് പാസ് പോർട്ട് കണ്ടെടുക്കാൻ തലാൽ അബ്‌ദുൾ മഹ്‌ദിയെ മയക്കുമരുന്നു കുത്തിവച്ച് ഉറക്കാൻ തീരുമാനിക്കുന്നത്. കൊലപ്പെടുത്താൻ ഉദേശിച്ചല്ലായിരുന്നു ഇതെന്നും നിമിഷ പറയുന്നു.
കെറ്റാമൈൻ എന്ന മയക്കുമരുന്നാണ് നിമിഷ ഇയാളിൽ കുത്തിവച്ചത്. കുറച്ച് നിമിഷങ്ങൾക്കകം അയാൾ തറയിൽ വീണു. പൾസ് പരിശോധിച്ചപ്പോൾ മരിച്ചെന്ന് കണ്ടെത്തി. ഭയന്നു പോയ താൻ മറ്റൊരു സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്‍റെ മൃതദേഹം മാറ്റാനായി ഹനാൻ നിർദേശിക്കുകയുമായിരുന്നു.
തലാൽ അബ്‌ദുൾ മഹ്‌ദി മരിച്ചെന്നറിഞ്ഞ പരിഭ്രാന്തിയിൽ സെഡേറ്റീവ് ഗുളികകൾ കഴിച്ചെന്നും അതോടെ തുടർന്നുണ്ടായ കാര്യങ്ങൾ തനിക്ക് ഓർമയില്ലെന്നും നിമിഷ വെളിപ്പെടുത്തിയിട്ടുണ്ട്. 2017 ഓഗസ്റ്റിലാണ് നിമിഷയെയും ഹനാനെയും യെമൻ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിമിഷയെ വധശിക്ഷക്കും ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്കും കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: