
ദുബായ്: ഐപിഎല്ലിൽ തീ പാറുന്ന പോരാട്ടം കാത്തിരിക്കുകയാണ് ആരാധകർ. രാജസ്ഥാൻ റോയൽസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സു മായിട്ടാണ് ഇന്നത്തെ പോരാട്ടം. ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. മലയാളി താരം സഞ്ജു സാംസണിന്‍റെ കരുത്തിൽ ടൂർണമെന്‍റിൽ അജയ്യരായി തുടരുന്ന രാജസ്ഥാനെ പിടിച്ചുകെട്ടുക എന്ന ദൗത്യവുമായിട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നിറങ്ങുന്നത്.
ചെന്നൈക്ക് എതിരെയും പഞ്ചാബിനെതിരെയും ഉശിരൻ ക്രിക്കറ്റ് കാഴ്ച്ച വച്ചാണ് രാജസ്ഥാൻ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. സഞ്ജു സാംസണിന്‍റെയും ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്തിന്‍റെയും ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയയുടെയുമെല്ലാം വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന്‍റെ കരുത്ത്. സ്മിത്ത്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, തെവാട്ടിയ, പരാഗ്, ഡേവിഡ് മില്ലര്‍ തുടങ്ങിയവരെല്ലാം മികച്ച ബാറ്റിങ് ലൈനപ്പാണ് രാജസ്ഥാന് സമ്മാനിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അനായാസം തോല്‍പ്പിച്ചതിന്‍റെ കരുത്തിലാണ് കൊല്‍ക്കത്ത ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍, ഒയിന്‍ മോര്‍ഗന്‍, നിതീഷ് റാണ, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രാജസ്ഥാന് തലവേദന സൃഷ്ടിക്കും.
നിലവില്‍ ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയതിന്‍റെ റെക്കോഡ് സഞ്ജു സാംസണിന്‍റെ പേരിലാണ്. വെറും രണ്ടു മത്സരങ്ങളില്‍ നിന്നുമായി 16 സിക്‌സുകളാണ് താരം നേടിയിരിക്കുന്നത്. ടീമുകളുടെ പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാമതുമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: