
ഏലപ്പാറ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം മുൻ എം.എൽ.എ അടക്കമുള്ളവരിലേക്ക്. സിറ്റിങ് എം.എൽ.എ വാഴൂർ സോമനെ പരാജയപ്പെടുത്താനാണ് സി.പി.ഐയിലെ മൂന്ന് നേതാക്കൾ ശ്രമം നടത്തിയതെന്നാണ് ആക്ഷേപം.
ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി ഉയർന്നതോടെ സംഭവം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണ കമ്മിഷന്‍റെ അന്വേഷണം മുൻ എം.എൽ.എ അടക്കമുള്ള മൂന്ന് നേതാക്കളിലേക്ക് എത്തുന്നതായിട്ടാണ് സൂചന. വാഴൂർ സോമൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അടുത്ത തവണ സീറ്റ് നേടാമെന്ന മോഹമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
അതേസമയം മണ്ഡലത്തിൽ ഉടനീളം പിന്നിലായ വാഴൂർ സോമൻ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വോട്ടുകളുടെ പിൻബലത്തിലാണ് നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് തന്നെ പ്രചരണത്തിൽ മുൻ എം.എൽ.എ അടക്കമുള്ളവർ വേണ്ട ജാഗ്രത കാണിച്ചില്ലെന്ന ആരോപണം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയ കൺട്രോൾ കമ്മിഷൻ അംഗം നൽകിയ റിപ്പോർട്ടിലും ഇത് ശരിവച്ചു.
ഇതോടെയാണ് ഇടുക്കി ജില്ലാ എക്സിക്യൂട്ടീവാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ കമ്മീഷനെ നിയോഗിച്ചത്. പ്രിന്‍സ് മാത്യു, ടി.എം. മുരുകന്‍, ടി.വി. അഭിലാഷ് എന്നിവരാണ് അന്വേഷണ കമ്മിഷനിലുള്ളത്. കമ്മിഷൻ അന്വേഷണത്തിൽ നേതാക്കൾ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് തെളിഞ്ഞാൽ ഇവർക്കെതിരെ തരം താഴ്‌ത്തൽ അടക്കമുള്ള നടപടികൾ ഉണ്ടായേക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: