ഇടുക്കി: രാത്രിയിൽ കുളിമുറിയിൽ കയറിയ യുവ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കവുന്തി മണികെട്ടാൻ പൊയ്‌കയിൽ അർജുന്‍റെ ഭാര്യ ദേവിക (24)യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച ദേവികയുടെ വീട്ടുകാർ രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രിയിലാണ് ദേവികയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികയുടെ ഭർത്താവ് അർജുൻ ദേവികുളം സബ്‌ജയിലിലെ വാർഡനാണ്. മരിച്ച ദേവിക എം.ഇ.എസ്. കോളെജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായിരുന്നു.
കഴിഞ്ഞ രാത്രിയിൽ ശുചിമുറിയിൽ പോയ ദേവിക തിരികെയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വീട്ടുകാർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സംഭവം നടക്കുന്നതിന്‍റെ തലേദിവസം വീട്ടിൽ സംഘർഷം നടന്നതായുള്ള സൂചനകളാണ് ദേവികയുടെ ബന്ധുക്കൾ ഉയർത്തിക്കാട്ടുന്നത്.
വിവരം അറിഞ്ഞ് തങ്ങൾ എത്തിയപ്പോൾ വീടിനുള്ളിൽ കസേരകൾ തകർന്ന് കിടക്കുന്നത് കണ്ടെത്തിയിരുന്നു. ദേവികയുടെ മുറിയുടെ വാതിലും ആരോ തകർത്തിട്ടുണ്ട്. മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയിലും അടുത്ത മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളാണ് ദുരൂഹതയിലേക്ക് നയിച്ചത്.
ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിൽ വിരലടയാള വിദഗ്ദർ പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം ദേവികയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.
കട്ടപ്പന ഡി.വൈ.എസ്.പി നിഷാദ്, നെടുങ്കണ്ടം സി.ഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആര്യന്‍ ഏക മകനാണ്. സന്യാസിയോട സ്വദേശിനിയാണ് ദേവിക.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: