കോവിഡ് വ്യാപനത്തിനു പിന്നാലെയാണ് ലോകമെമ്പാടും ജോലിയുടെ സ്വഭാവവും മാറിയത്. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ സ്വകാര്യ കമ്പനികൾ. ചിലവ് കുറക്കാമെന്നതിനൊപ്പം കോവിഡ് ഭീതിയെ അകറ്റി നിർത്താമെന്നതും വർക്ക് ഫ്രം ഹോമിന്‍റെ പ്രത്യേകതയാണ്.
എന്നാൽ പുരുഷൻമാർ ജോലി സംബന്ധമായി വീട്ടിലിരിക്കുന്നത് മിക്കപ്പോഴും വീട്ടിലെ സ്ത്രീകൾക്കാണ് പണി കൊടുക്കുന്നത്. ഇത്തരത്തിൽ ഭർത്താവിന്‍റെ വർക്ക് ഫ്രം ഹോമിലൂടെ പൊറുതി മുട്ടിയ ഒരു ഭാര്യയുടെ കത്താണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭർത്താവിന് നൽകിയ വർക്ക് ഫ്രം ഹോം സംവിധാനം പിൻവലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്നാണ് കത്തിലെ അഭ്യർഥന. ബിസിനസുകാരനായ ഹർഷ് ഗോയങ്കയാണ് കത്തിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല എന്ന ക്യാപ്ഷനോടെയാണ് ഹർഷ് ഗോയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. താങ്കളുടെ തൊഴിലാളി മനോജിന്‍റെ ഭാര്യയാണ് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അദ്ദേഹത്തെ ഇനി മുതൽ ഓഫീസിൽ എത്തി ജോലി ചെയ്യാൻ അനുവദിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു എന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഭർത്താവ് പാലിക്കും എന്നും കത്തിൽ പറയുന്നു.
വർക്ക് ഫ്രം ഹോം തുടർന്നാൽ വീട്ടിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ചും ഭാര്യ പങ്കുവയ്ക്കുന്നുണ്ട്. ഇനിയും ഇത് തുടർന്നാൽ തങ്ങളുടെ വിവാഹ ബന്ധം നീണ്ടു നിൽക്കില്ല. അതിനുള്ള കാരണങ്ങളും അക്കമിട്ട് പറയുന്നുണ്ട്.
ഒരു ദിവസം പത്തു തവണയോളം ചായ കുടിക്കും. പല മുറികളിലായി ഇരിക്കുകയും അവയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നുമുണ്ട്. മാത്രവുമല്ല ജോലിക്കിടെ ഉറങ്ങുന്നത് പോലും കണ്ടിട്ടുണ്ടെന്നും ഭാര്യ കത്തിൽ പറയുന്നു. തനിക്ക് രണ്ടു കുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും വീടിന്‍റെ ശുചിത്വം തിരികെ ലഭിക്കാൻ സഹായിക്കണം എന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
നിരവധി പേരാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. സ്ത്രീകളിൽ പലരും തങ്ങൾക്ക് ഈ അവസ്ഥ മനസിലാകുമെന്ന് കമന്‍റ് ചെയ്‌തു. കഴിഞ്ഞ ഒന്നര വർഷമായി മിക്ക വീടുകളിലെയും അവസ്ഥ ഇതാണ് എന്നും കമന്‍റ് ചെയ്യുന്നവരുണ്ട്.Don’t know how to respond to her….😀 pic.twitter.com/SuLFKzbCXy
— Harsh Goenka (@hvgoenka) September 9, 2021
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: