കൊച്ചി: പപ്പാ സോറി... എന്നോട് ക്ഷമിക്കണം.. നിങ്ങൾ പറഞ്ഞതാണ് ശരി.. അവൻ ശരിയല്ല... പറ്റുന്നില്ല ഇവിടെ ജീവിക്കാൻ.. ഗാർഹിക പീഡനത്തെതുടർന്ന് ആലുവ കീഴ്‌മാട് ആത്മഹത്യ ചെയ്‌ത മോഫിയ പർവീണിന്‍റെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. എൽ.എൽ.ബി വിദ്യാർഥിനിയായ മോഫിയ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാകുകയും വീട്ടുകാരെ എതിർത്ത് വിവാഹം കഴിക്കുകയുമായിരുന്നു.
എന്നാൽ വിവാഹ ശേഷമാണ് ഭർത്താവിന്‍റെ യഥാർഥ സ്വഭാവം മോഫിയ മനസിലാക്കിയത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെയുള്ള ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിപ്പിച്ചതിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തി മടങ്ങി വന്നതിനു ശേഷമാണു മോഫിയയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി പത്തോടെയാണ് മോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌റ്റേഷനിൽ നിന്ന് വീട്ടിലെത്തിയ ശേഷം മോഫിയ വാതിലടച്ച് ഇരിക്കുകയായിരുന്നു. പിന്നീട് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നുമാണ് വീട്ടുകാർ അറിയിച്ചത്. ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർത്താവിനും വീട്ടുകാർക്കും എതിരെ പരാതി നൽകിയെന്നും എന്നാൽ പൊലീസ് ഇതുവരെ അതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തില്ലെന്നും മോഫിയയുടെ ബന്ധുക്കൾ പറഞ്ഞു.
തനിക്ക് നീതി ലഭിച്ചില്ലെന്നും സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണം എന്ന് മോഫിയ ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നുണ്ട്.
പരാതിയിൽ ചർച്ച നടത്തുന്നതിനായി യുവതിയെയും ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഇന്നലെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. ഇതിനിടയിൽ വാക്ക് തർക്കമുണ്ടായപ്പോൾ മോഫിയ ഭർത്താവിന്‍റെ മുഖത്തടിച്ചെന്നും ഇതിൽ ഇടപെടുക മാത്രമാണ് ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.
എന്നാൽ സിഐ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഞാൻ മരിച്ചാൽ അയാൾ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്‌താലും മാനസിക പ്രശ്‌നം എന്ന് പറയും. എനിക്ക് ഇനി അത് കേട്ട് നിൽകാൻ വയ്യ. ഞാൻ ഒരുപാട് സഹിച്ചു. പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്ന് കൊടുക്കാൻ പറ്റി.
ഏതെങ്കിലും ചെയ്‌തില്ലെങ്കിൽ എൻ്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. എൻ്റെ അവസാനത്തെ ആഗ്രഹം- ഇങ്ങനെയാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: