കൊച്ചി: നഗരത്തിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപകയെ തുടർന്ന് യുവാവിനെ മരണ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പൂർണ നഗ്നനാക്കി മർദിച്ചു. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടുണ്ട്.
നട്ടെല്ലിന് ക്ഷതമേറ്റ കൊച്ചി സ്വദേശി ആന്‍റണി ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ചിലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവാവിനെ സംഘം തട്ടികൊണ്ടുപോയത്. കഴിഞ്ഞ 11 നു രാത്രി 9.30 ഓടെയാണ് ആളുകൾ നോക്കി നിൽക്കെ യുവാവിനെ ക്രൂരമായി മർദിക്കുകയും ബലമായി പിടിച്ചു കൊണ്ട് പോകുകയും ചെയ്‌തത്.
പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മർദ്ദനം തുടർന്നു. ഇതിനു പിന്നാലെ വീണ്ടും അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂർണ നഗ്നനാക്കി മർദിച്ചെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു.
രാത്രി മുഴുവൻ നഗ്നനാക്കി മർദിച്ച ശേഷം ആലുവ ആശുപത്രിയിലെത്തിച്ചിട്ട് സംഘം മുങ്ങി. പരാതിപ്പെട്ടാൽ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിനാൽ ബൈക്കിൽ നിന്ന് വീണാണ് അപകടം എന്നാണ് ആശുപത്രിയിൽ ആദ്യം പറഞ്ഞത്. പരുക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
മർദ്ദനമേറ്റ യുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്‍റെ സുഹൃത്ത് സംഘത്തിലുള്ളയാളാണ്. മർദിച്ചവർ എതിർ ചേരിയിലും. സംഭവത്തിൽ തമ്മനം ഫൈസൽ അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: