ഇടുക്കി: നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം പുറത്തേക്കൊഴുക്കാൻ തുടങ്ങി. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളും ( V1,V2, V3, V4, V5, V6,V7,V8, V9 ,V10) വൈകിട്ട് അഞ്ചോടെ 0.90 മീറ്റർ വീതം ഉയർത്തി. ഇതോടെ 7130.00 ക്യുസെക്‌സ് ജലമാണ് പെരിയാറ്റിലേക്ക് തുറന്നു വിടുന്നത്.
പെരിയാർ നദീ തീരത്ത് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ ജലം തുറന്നു വിട്ടതോടെ വള്ളക്കടവ് മുതൽ ഉപ്പുതറ പ്രദേശം വരെയുള്ള തീര വാസികൾ ഭീതിയിലായിട്ടുണ്ട്. താണ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. വണ്ടിപ്പെരിയാർ, കെ. ചപ്പാത്ത്, ഉപ്പുതറ ടൗണുകളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇതിനിടെ ഇടുക്കി- ചെറുതോണി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുറത്തേക്കൊഴുക്കാൻ തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് മൂന്നിന് അണക്കെട്ടിലെ ജലനിരപ്പ് 2386.10 അടിയായിരുന്നു.
ആകെ സംഭരണ ശേഷിയുടെ 85.86 ശതമാനമാണിത്. ഇതോടെ വൈകിട്ട് അഞ്ചോടെ ചെറുതോണി ഡാമിന്‍റെ ഒന്ന്, അഞ്ച് ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതവും, രണ്ട്, മൂന്ന് , നാല് ഷട്ടറുകൾ 120 സെന്‍റീമീറ്റർ വീതവും ഉയർത്തി ആകെ 300 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. ചെറുതോണി ടൗൺ മുതൽ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വെള്ളിയാഴ്ച്ച വരെ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഒഡീഷ, ആന്ധ്ര തീരത്തു നിൽക്കുന്ന ന്യനമർദം പടിഞ്ഞാറൻ തീരത്തെ മൺസൂൺ പാത്തി എന്നിവയാണ് മഴ തുടരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വടക്കൽ ജില്ലകളിൽ കൂടുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് കോട്ടയം മുതൽ കാസർകോഡ് വരെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ മഴ മുന്നറിയിപ്പില്ല. അതേസമയം ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്.
Post A Comment: