
ഇടുക്കി: വാക്‌സിൻ വിതരണത്തിൽ വാർഡ് മെമ്പർക്കെതിരെ ഫെയ്‌സ് ബുക്കിൽ കമന്‍റിട്ട ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. തോവാളപ്പടി തൈക്കേരി പ്രകാശ് (39) നാണ് പരുക്കേറ്റത്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
പ്രകാശിന്‍റെ മുഖത്തും കൈയ്ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി 9.45 നു നെടുങ്കണ്ടം തോവാളപ്പടിയിലായിരുന്നു ആക്രമണം. ജീപ്പ് ഓടിച്ചുകൊണ്ടു വരികയായിരുന്ന പ്രകാശിനെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ജീപ്പിന്‍റെ ചില്ല് അടിച്ചു തകർത്ത ശേഷം പ്രകാശിനെ വെട്ടുകയായിരുന്നു. മാരകായുധങ്ങളുമായിട്ടാണ് സംഘം ആക്രമിക്കാനെത്തിയത്.
ഇടിക്കട്ടപോലുള്ള ആയുധംകൊണ്ട് മുഖത്ത് ഇടിയുമേറ്റിട്ടുണ്ട്. മേസ്തിരി ജോലി ചെയ്യുന്ന പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ സംഭവം. നെടുങ്കണ്ടം പഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ വാക്സിന്‍ വിതരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതായി ആരോപിച്ച് ബിജെപി നേതാവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.
വാർഡ് മെംബർ സ്വന്തം സീല്‍ പതിച്ച് ടോക്കണ്‍ നല്‍കിയെന്നാണ് ആക്ഷേപം. എന്നാൽ വ്യാജ ടോക്കൺ ഉപയോഗിച്ച് എത്തുന്നവരെ തടയാനാണ് ടോക്കൺ നൽകിയതെന്നാണ് വാർഡ് മെംബറുടെ വിശദീകരണം. ബിജെപി പ്രവര്‍ത്തകര്‍ ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് പ്രശ്നത്തിന് കാരണം. പോസ്റ്റിനു താഴെ ബിജെപി പ്രവർത്തകനായ പ്രകാശ് കമന്‍റിട്ടിരുന്നു. ഇതിനു മുൻപ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത്
തന്നെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയിരുന്നതായും പ്രകാശ് പറഞ്ഞു. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ അക്രമണത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ അല്ലെന്നും ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിനു കാരണമെന്നും സിപിഎം വിശദീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: