ലക്‌നൗ: കൂട്ടുകാരന് വഴങ്ങണമെന്ന കാമുകന്‍റെ ഭീഷണിയെ തുടർന്ന് പാലത്തിൽ നിന്നും ചാടി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദിലാണ് സംഭവം. വീഴ്ച്ചയിൽ നട്ടെല്ലിനു പരുക്കേറ്റ 20 കാരി ചികിത്സയിലാണ്. ഷദാബ് എന്ന യുവാവാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് യുവതി നൽകിയ പരാതിയിൽ യുവാവിനും കൂട്ടുകാരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
നാല് മാസം മുമ്പാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ഒരു ബന്ധുവിന്‍റെ വീട്ടിൽ വച്ച് പെൺകുട്ടിയെ വശീകരിച്ച് യുവാവ് വീഡിയോയും ചിത്രങ്ങളും എടുത്തിരുന്നു. ഈ ചിത്രങ്ങൾ കാണിച്ചാണ് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയത്.
വീഡിയോയും ചിത്രങ്ങളും പുറത്തു വിടാതിരിക്കണമെങ്കിൽ 50,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെ തന്‍റെ സുഹൃത്തുക്കൾക്കൊപ്പം ശാരീരിക ബന്ധത്തിനു സമ്മതിക്കണമെന്നായി ഭീഷണി. യുവതിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയതായി യുവതി പരാതിയിൽ പറയുന്നു.
കാമുകന്‍റെ ഭീഷണിയെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം പാലത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്നവർ ഇത് കണ്ടതോടെ യുവതിയെ രക്ഷിച്ച് ആശുപത്രിയിലാക്കി. 40 അടി ഉയരത്തിൽ നിന്നാണ് യുവതി ചാടിയത്. യുവതിയുടെ കാലിന്‍റെ ചലന ശേഷി നഷ്‌ടമായതായിട്ടാണ് റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: