ഇടുക്കി: സംസ്ഥാനത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന്‍റെ വാർഷിക ദിനത്തിൽ ഇടുക്കിയിൽ പ്രളയ സമാന സാഹചര്യം. രണ്ട് ദിവസമായി അതിശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള ഹൈറേഞ്ച് മേഖലയിലാണ് മഴ കൂടുതൽ ശക്തം. 2018 മുതൽ തുടർച്ചയായ വർഷങ്ങളിൽ ഓഗസ്റ്റ് മാസത്തിലാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്. സമാനമായി ഈ വർഷവും മഴ നാശം വിതയ്ക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.
വ്യാഴാഴ്ച്ച കട്ടപ്പന, ഉപ്പുതറ, ഏലപ്പാറ, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, പാമ്പനാർ, പെരുവന്താനം, കുമളി, ചെങ്കര, നെടുങ്കണ്ടം, ഉടുമ്പൻചോല പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. രാത്രി മുഴുവൻ നീണ്ടു നിന്ന മഴ വെള്ളിയാഴ്ച്ച പുലർച്ചെയും തുടരുകയാണ്.
അണക്കെട്ടുകൾ നിറയാറായി നിൽക്കുന്ന സാഹചര്യത്തിൽ മഴയുടെ ശക്തി വർധിച്ചാൽ അത് വീണ്ടുമൊരു പ്രളയത്തിനു വഴി തുറക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ളിയാഴ്ച്ച രാവിലത്തെ കണക്ക് പ്രകാരം 136.20 അടിയാണ് ജലനിരപ്പ്. തമിഴ്‌നാട്ടിലെ അണക്കെട്ടുകൾ നിറഞ്ഞു തുടങ്ങിയതിനാൽ വരും ദിവസങ്ങളിൽ തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ സാധ്യത കുറവാണ്.
ഇങ്ങനെ വന്നാൽ അണക്കെട്ടിൽ ജലനിരപ്പ് അധിവേഗം ഉയരുന്നതിനു കാരണമാകും. ഒപ്പം മഴ ശക്തമായാൽ മുല്ലപ്പെരിയാർ അണക്കെട്ട് നിശ്ചിത സംഭരണ ശേഷി പിന്നിടുകയും സ്‌പിൽവെയിലൂടെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടുകയും ചെയ്യും.
വെള്ളിയാഴ്ച്ച രാവിലെ ഇടുക്കി അണക്കെട്ടിൽ 2370.32 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയം 2347.12 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് അഞ്ച് അടി കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പുറപ്പെടുവിക്കും. 2375.53 അടിയാണ് ബ്ലൂ അലർട്ടിനുള്ള പരിധി. 2381.53 അടിയിൽ ഓറഞ്ച് അലർട്ടും 2382.53 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.
നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും മഴ ശക്തമാകുമായാൽ സാഹചര്യം മാറുമെന്ന ഭീതിയാണ് ഇടുക്കിയിൽ ഉയരുന്നത്. പെട്ടിമുടിക്ക് സമാനമായി ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന നിരവധി പ്രദേശങ്ങളാണ് ജില്ലയിലുള്ളത്. മഴ നീണ്ടു നിൽക്കുന്നത് ഇവിടങ്ങളിൽ ആശങ്കയ്ക്ക് കാരണമാണ്.
2020 ഓഗസ്റ്റ് ആറിന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: