ചെന്നൈ: ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹത്തിന് ഔദ്യോഗിക സ്ഥിരീകരണം. വിവാഹം ഉടൻ ഉണ്ടാകുമെന്നും എല്ലാവരെയും അറിയിക്കുമെന്നും നയൻതാര തന്നെ വെളിപ്പെടുത്തിയതോടെ ഇരുവർക്കും ആശംസകളുമായി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്‌ചാനലിനു നൽകിയ അഭിമുഖത്തിലാണ് നയൻതാര തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും വിവാഹം ഉടൻ ഉണ്ടെന്നും തുറന്നു പറഞ്ഞത്.
നേരത്തെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ താരങ്ങൾ ഇക്കാര്യം തുറന്നു പറയുന്നത് ആദ്യമാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. സ്വകാര്യത ഇഷ്ടപ്പെടുന്നവരാണെങ്കിലും വിവാഹം ആരാധകരെ അറിയിക്കും. വിഘ്‌നേശിനെ കുറിച്ചാണ് നയൻതാര അഭിമുഖത്തിൽ ഏറെ സംസാരിച്ചത്. തനിക്ക് ജോലിയോടുള്ള പാഷൻ വർധിച്ചത് വിഘ്നേശിനെ കണ്ടു മുട്ടിയതിനു പിന്നാലെയാണ്.
തനിക്ക് സ്വപ്നങ്ങൾ കാണാനും ലക്ഷ്യങ്ങൾ നേടാനും പ്രചോദിപ്പിച്ചത് വിഘ്നേശാണെന്നും പറഞ്ഞു. താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ചതാക്കാൻ വിഘ്നേശ് ശ്രമിക്കാറുണ്ട്. ഒരു കാര്യത്തിലും തനിക്ക് വിഘ്നേശിനോട് അനുവാദം ചോദിക്കേണ്ടി വരില്ല.
എന്നിരുന്നാലും എല്ലാ കാര്യങ്ങളും താൻ വിഘ്നേശിനോട് പറയുമെന്നും നയൻതാര പറഞ്ഞു. ഏതാനും മാസം മുമ്പ് കൈയിൽ മോതിരം ധരിച്ച നയൻതാരയുടെ ചിത്രം വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: